വടകര: ജില്ലാ ആശുപത്രി പരിസരത്ത് തെരുവു നായകള്‍ വിലസുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് നായകള്‍ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. ആശുപത്രിയിലെത്തുന്നവരുടെ പിന്നാലെ കൂടുന്ന നായകള്‍ ഭീതി ജനിപ്പിക്കുകയാണ്.
രോഗികളെ വാഹനത്തില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും നായകളുടെ സാമീപ്യമാണ് പലപ്പോഴും അനുഭവപ്പെടുന്നത്. കാഷ്വാലിറ്റി പരിസരത്താണ് നായകള്‍ കൂടുതലായുള്ളത്. പ്രധാന കെട്ടിടത്തിനു സമീപവും നായകള്‍ കൈയടക്കിയിരിക്കുകയാണ്.
ഇവയുടെ ശല്യം രൂക്ഷമായിട്ടും നടപടി മാത്രം ഉണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലാണ്. ഏത് സമയമാണ് നായകള്‍ തനി സ്വഭാവം കാണിക്കുക എന്നാണ് പേടി. പുറത്ത് കറങ്ങുകയും പരസ്പരം ശണ്ഠ കൂടുകയും ചെയ്യുന്ന നായകള്‍ എപ്പോഴാണ് വാര്‍ഡുകളില്‍ കയറിപ്പറ്റുക എന്നേ ഇനി അറിയേണ്ടതുള്ളൂ. ആളുകളെ ഒന്നും ഭയക്കാതെയാണ് ഇവയുടെ സഞ്ചാരം.
സൂക്ഷിക്കുക പട്ടിയുണ്ട് എന്ന ബോര്‍ഡ് വയ്ക്കേണ്ട അവസ്ഥയാണ് ഇവിടെ. നായയുടെ കടിയേറ്റാലാവട്ടെ ഈ ആശുപത്രിയില്‍ മതിയായ ചികിത്സയുമില്ല. കുത്തിവയ്പ്പിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ശരണം.