പ്രസവിച്ച ഉടൻ മാലിന്യകൂമ്പാരത്തിൽ അമ്മ കുഴിച്ചിട്ട നവജാത ശിശുവിന് തുണയായി നായ. ബാങ്കോങ്കിലാണ് സംഭവം. പതിനഞ്ച് വയസുകാരിയാണ് നൊന്ത് പെറ്റ കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിൽ കുഴിച്ചിട്ടത്.
ഉസ നാസിക് എന്നയാൾക്കൊപ്പം സവാരിക്കിറങ്ങിയ പിംഗ് പോംഗ് എന്ന നായയാണ് ഈ കുഞ്ഞിന് തുണയായത്. ബാൻ നോംഗ് ഖാം ഗ്രാമത്തിലെ ഒരു വയലിലെത്തിയ നായ അതിനു സമീപമുള്ള മാലിന്യ കൂമ്പാരത്തിനു ചുറ്റും നടന്നു.
മാലിന്യം കാലുകൾക്കൊണ്ട് നീക്കിയ നായ മണ്ണ് ഇളകി കിടന്ന ഭാഗം മാന്തി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ കാൽ കണ്ടത്. നായ ഉടൻ തന്നെ കുരച്ച് ഉടമയുടെ ശ്രദ്ധ നേടി. ഉസ കുഴിയിലെ മണ്ണ് നീക്കിയപ്പോഴാണ് അതിനുള്ളിൽ കിടക്കുന്ന ആണ്‍കുഞ്ഞിനെ കണ്ടത്.
ഗ്രാമവാസികളുടെ സഹായം തേടിയ ഉസ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഈ കുട്ടിയുടെ മാതാവ് ഒരു കൗമാരക്കാരിയാണെന്ന് കണ്ടെത്തിയത്. വീട്ടുകാരെ ഭയന്നാണ് കുട്ടി ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചത്.
കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊള്ളാമെന്ന് പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. എന്നാൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തുവാൻ ശ്രമിച്ചതിൽ മാതാവിനെതിരെ കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം മാനസികമായി തകർന്ന പെണ്‍കുട്ടിയെ മനശാസ്ത്രജ്ജന്റെയടുക്കൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടർന്ന് ഒരു കാൽ നഷ്ടപ്പെട്ട നായയാണ് ആറ് വയസുള്ള പിംഗ് പോംഗ്. ഈ സംഭവത്തിനു ശേഷം ഹീറോ പരിവേഷമാണ് പിംഗ് പോഗിന് ലഭിച്ചിരിക്കുന്നത്.