പറവൂർ: പ്രസവിച്ചു കിടന്ന തെരുവു നായയുടെ കുഞ്ഞുങ്ങളെ തീവച്ച് കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾക്കെതിരേ ആലുവ വെസ്റ്റ് പോലീസ് കേസെടുത്തു.
അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന മൃഗങ്ങൾക്കെതിരെയുള്ള ക്രൂരമായ പെരുമാറ്റമെന്ന വകുപ്പ് പ്രകാരമാണ് സെടുത്തിട്ടുള്ളത്.
മാഞ്ഞാലി ഡൈമൺമുക്ക് പുതു മാടശേരി മേരി, ചാണയിൽ ലക്ഷ്മി എന്നിവർക്കെതിരേയാണ് കേസ്. നാലിന് മേരിയുടെ വീടിന് സമീപം പ്രസവിച്ചു കിടന്ന നായയെയും കുഞ്ഞുങ്ങളെയും തീവച്ചെന്ന് “ദയ’ എന്ന സംഘടനയുടെ ഭാരവാഹികൾ നൽകിയ പരാതിയിലാണ് നടപടി.
ചത്ത നായ്ക്കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്തുനിന്നും എടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പോലീസിൽ അപേക്ഷ നൽകുമെന്ന് സംഘടന ഭാരവാഹികളായ ടി.ജെ. കൃഷ്ണൻ, പി.ബി. രമേഷ്കുമാർ എന്നിവർ പറഞ്ഞു.
ഏഴ് കുഞ്ഞുങ്ങളുമായി മേരിയുടെ വീടിനു സമീപം പറമ്പിൽകഴിഞ്ഞിരുന്ന നായ്ക്കും കുഞ്ഞുങ്ങൾക്കുമെതിരേയാണ് തീപ്രയോഗം നടന്നത്. പന്തം ഉപയോഗിച്ച് ഇവയെ തീവെച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
പൊള്ളലേറ്റ കുഞ്ഞുങ്ങളെ സ്ത്രീകൾ തന്നെ നീക്കം ചെയ്തതായും പറയുന്നു.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ദയ പ്രവർത്തകനായ ടി.ജെ.കൃഷ്ണനാണ് പൊള്ളലേറ്റ നിലയിൽ തെരുവോരത്ത് കണ്ടെത്തിയ തള്ളനായയെ പറവൂർ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കിയത്.
എന്നാൽ ഏതാനും ദിവസം ബന്ധുവീട്ടിലായിരുന്ന മേരി വീട്ടിൽ തിരികെ എത്തിയപ്പോൾ പ്രസവിച്ചു കിടന്ന നായ കുരച്ചുകൊണ്ട് ചാടിയെത്തിയപ്പോൾ ഭയപ്പെടുത്താനായി ചൂട്ടു കത്തിച്ച് പേടിപ്പിക്കുകമാത്രമാണ് ചെയ്തതെന്നാണ് സ്ത്രീകളുടെ വിശദീകരണം.