മുത്തശ്ശിയെ കടിച്ചുകീറിക്കൊന്ന നായയെ തിരികെ വേണമെന്നു കൊച്ചുമകൻ. 90 വയസുള്ള മുത്തശ്ശി നായയുടെ കടിയേറ്റു മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായയെ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഇവരുടെ കൊച്ചുമകൻ മുനിസിപ്പൽ കോർപറേഷനെ സമീപിച്ചത്.
നായയെ കൊണ്ടുപോയശേഷം വീട്ടിലാർക്കും ഭക്ഷണംപോലും കഴിക്കാൻ സാധിക്കുന്നില്ലെന്ന് ഇയാൾ പറയുന്നു. ഉത്തർപ്രദേശിലെ കാൺപുരിലാണു സംഭവം.ഹോളി ദിനത്തിൽ കാൺപുരിലെ വികാസ് നഗറിൽ വച്ചാണ് മോഹിനി ത്രിവേദി എന്ന സ്ത്രീ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭക്ഷണം കൊടുക്കുന്നതിനിടെ മോഹിനിയെ നായ ആക്രമിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. റിട്ട. കേണൽ കൂടിയായ മകൻ സഞ്ജീവ് ത്രിവേദി, കൊച്ചുമകൻ ധീരു പ്രശാന്ത് ത്രിവേദി, മരുമകൾ കിരൺ എന്നിവർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. കുടുംബത്തിലെ പെറ്റ് ആയിരുന്നു സ്ത്രീയെ കൊന്ന നായ.
വയോധികയെ ആക്രമിച്ചു കൊലപ്പെടുത്തിയതിനെത്തുടർന്നു മുനിസിപ്പൽ കോർപറേഷൻ അധികൃതർ നായയെ പിടികൂടി കൊണ്ടുപോയിരുന്നു. നായയെ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടു കൊച്ചുമകൻ ധീരു പ്രശാന്ത് ത്രിവേദി അപേക്ഷ കൊടുത്തെങ്കിലും വിട്ടുകൊടുക്കാൻ കോർപറേഷൻ തയാറായിട്ടില്ല. ആക്രമണ സ്വഭാവം കാണിച്ചിരുന്ന നായ നേരത്തെ ധീരുവിനെയും കിരണിനെയും ആക്രമിച്ചു പരിക്കേൽപിച്ചിരുന്നു.