കൊലപാതക കേസിൽ ഒരു കുടുംബത്തെ മുഴുവൻ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ അനാഥമായ വളർത്ത് നായയ്ക്ക് സംരക്ഷണം നൽകി പോലീസ് ഉദ്യോഗസ്ഥ. മധ്യപ്രദേശിലാണ് സംഭവം.
ഭൂമി തർക്കത്തെ തുടർന്ന ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിലാണ് മറ്റൊരു കുടുംബത്തിലെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ എല്ലാവരും അഴിക്കുള്ളിലായപ്പോൾ വീട്ടിലെ വളർത്തുനായയെ പരിപാലിക്കുവാൻ ആരുമില്ലാതായി.
ഇതോടെ ചോതി ബജാരിയ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ മനീഷ തിവാരി ഈ നായയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ലാബ്രോഡർ ഇനത്തിൽപ്പെട്ട ഈ നായയുടെ പേര് സുൽത്താൻ എന്നാണ്. നായയ്ക്ക് ആവശ്യമായ പരിചരണവും ഭക്ഷണവും വെള്ളവുമെല്ലാം ഞങ്ങൾ നൽകാറുണ്ടെന്ന് മനീഷ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കുറ്റവാളികളെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കു ശേഷമാണ് ഈ വീട്ടിൽ നായയുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് മനസിലായത്. തുടർന്നാണ് ഇവർ നായയുടെ സംരക്ഷണം ഏറ്റെടുത്തത്. വളർത്തുവാൻ താത്പര്യമുള്ളവർക്ക് ഈ നായയെ വിട്ട് നൽകുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.