കാക്കനാട്: തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടമായി കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടു പ്രതികൾ ഇന്നു പോലീസ് സ്റ്റേഷനിൽ കീഴടങ്ങും. സംഭവത്തിനു ശേഷം ഒളിവിൽ പോയ രണ്ടു പേരെയും പോലീസ് കോഴിക്കോടെത്തി തിരിച്ചറിഞ്ഞു. ഇൻഫോപാർക്ക് സ്റ്റേഷനിൽ കീഴടങ്ങാൻ നിർദേശിച്ചതനുസരിച്ചാണ് സ്റ്റേഷനിൽ എത്തുന്നത്.
സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കുറ്റമായതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരിൽനിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം മറ്റു നടപടികൾ സ്വീകരിക്കും.തെരുവുനായ്ക്കളെ പിടികൂടാൻ ഇവർക്കു നിർദേശം നൽകിയ ഉദ്യോഗസ്ഥരെക്കുറിച്ചും കൗൺസിലർമാരെക്കുറിച്ചുമുള്ള വിവരങ്ങൾ ഇവരിൽനിന്നും ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
ഫോൺ വഴി ഇവരെ ബന്ധപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ ലഭിക്കാൻ ഇവരുടെ ഫോണുകളും ശാസ്ത്രീയമായി പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. പിടികൂടിയ നായ്ക്കളെ കൊണ്ടു പോകുന്നതിന് ഉപയോഗിച്ച വാഹനം കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. ഡ്രൈവറിൽനിന്നും ലഭിച്ച വിവരം അനുസരിച്ചാണ് ഒളിവിൽ പോയ മറ്റു രണ്ടു പേരെ പോലീസ് തിരിച്ചറിഞ്ഞത്. ഇവരാണ് നായ്ക്കളെ കുരുക്കിട്ട് പിടിച്ച് വിഷം കുത്തിവച്ചതെന്നാണ് പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് തെരുവുനായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയതായ വാർത്ത പുറത്തു വന്നത്. നായ്ക്കളെ കുഴിച്ചിട്ടത് നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ്. മൃഗസ്നേഹികളുടെ പരാതിയെ തുടർന്ന് പോലീസ് കേസായപ്പോൾ നായ്ക്കളുടെ കുഴിച്ചിട്ട ജഡങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മുപ്പത് ജഡങ്ങളാണ് പുറത്തെടുത്തത്.നായ്ക്കൾ ചത്തതിന്റെ വിശദമായ വിവരങ്ങൾ അറിയാൻ ആന്തരാവയവങ്ങൾ പരിശോധനക്കായി കാക്കനാട് കെമിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം വന്നതിനു ശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് പോലീസ് എത്തുക.
നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ ചുമതലയിലാണ് തെരുവ് നായ്ക്കളെ വന്ധ്യകരണം ചെയ്യുന്നത്. നായ്ക്കളെ പിടിച്ചു കൊല്ലുന്നതിന് നഗരസഭയുടെ ഭാഗത്തുനിന്നും യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നാണ് ചെയർപേഴ്സൺ അജിത തങ്കപ്പൻ പറയുന്നത്.