കറുകച്ചാൽ: തെരുവ് നായകളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കറുകച്ചാലിലും പരിസരങ്ങളിലുമുള്ള നാട്ടുകാർ. മൂന്ന് ആടുകളെ തെരുവ് നായ കടിച്ചു കൊന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം പത്രം ഏജന്റിനെ വരെ തെരുവ് നായ ആക്രമിച്ചു. ചന്പക്കര പാലൂർവീട്ടിൽ അഖിലിനെ(22)യാണ് നായ കടിച്ചത്. ഇന്നലെ രാവിലെ പാലമറ്റം ഭാഗത്ത് പത്രവിതരണം നടത്തുന്നതിനിടയിലാണ് നായ ആക്രമിച്ചത്.
പരിക്കേറ്റ അഖിൽ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. നെടുംകുന്നം, വാഴൂർ, കങ്ങഴ പഞ്ചായത്തുകളിലും തെരുവ് നായ ശല്യം വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം തെരുവ് നായകളുടെ ആക്രമണത്തിൽ വാഴൂർ പഞ്ചായത്ത് 10-ാം വാർഡ് ചാമംപതാൽ പേക്കാവിൽ കുഞ്ഞുമോന്റെ മൂന്ന് ആടുകൾ ചത്തിരുന്നു.
ഒരു ആടിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമാണ്. രണ്ടാഴ്ച മുൻപ് നെടുംകുന്നം പള്ളിപ്പടിയിൽ ഒരേ ദിവസം കെട്ടിയിട്ടിരുന്ന പശുവിനെയും കിടാവിനെയും തെരുവ് നായ ആക്രമിച്ചു. റോഡരികിൽ നിന്ന യുവാവിനെയും വിദ്യാർഥികളെയും വരെ തെരുവുനായ കടിച്ചു. സംഭവം പതിവായതോടെ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു.
ചന്പക്കര, ശാന്തിപുരം, മാന്പതി, കറുകച്ചാൽ, നെടുംകുന്നം, പന്ത്രണ്ടാംമൈൽ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ ശല്യം വർധിച്ചിരിക്കുകയാണ്. കൂട്ടത്തോടെ റോഡിൽ ഇറങ്ങുന്ന നായക്കൂട്ടം കാൽനട യാത്രക്കാർക്കും വിദ്യാർഥികൾക്കും വലിയ ഭീക്ഷണിയാണ്. നായ ശല്യം പതിവായതോടെ വീട്ടിൽ മൃഗങ്ങളെ വളർത്തുവാൻ ഏറെ ബുദ്ധിമുട്ടാണ്. തെരുവ് നായകളെ ഉൻമൂലനം ചെയ്യുവാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.