കൊച്ചി: തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി അധികൃതര്‍.
കേസില്‍ ഇതുവരെ പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചോദ്യം ചെയ്യുന്നത്.
നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറിന്റെ നിര്‍ദേശം അനുസരിച്ചാണ് തെരുവുനായ്ക്കളെ കുരുക്കിട്ട് പിടിച്ചതെന്നും അതിനു വേണ്ടതായ സൗകര്യങ്ങള്‍ ഒരുക്കി തന്നതും ഫണ്ട് നല്കിയതും അദേഹമാണെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്.
അദേഹത്തെ ചോദ്യം ചെയ്തശേഷം കൂടുതല്‍ പേര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കാനാണു പോലീസിന്റെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മാറാട് എസ്.കെ. നിവാസില്‍ പ്രവീശ് (26), തിരുവണ്ണൂര്‍, കണ്ണാരിപറമ്പില് രഞ്ജിത് കുമാര്‍ (39), പുതിയറ കല്ലത്തംകടവില് രഘു (47) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് സബ് ഇന്‍സ്പെക്ടര്‍ ടി.ബി.അനസിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. നായ്ക്കളെ കൊന്നതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ശേഷം സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു.