കൊടുങ്ങല്ലൂർ: പുല്ലൂറ്റ് മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. കടിച്ച നായ ചത്തത് പരിഭ്രാന്തി പരത്തി. പുല്ലൂറ്റ് കോഴിക്കട കോളജ് പ്രദേശവാസികളായ കോയം പറന്പത്ത് പരിമിള (59), കൊന്പടാത്ത് ദേവി (45), ഉന്പാടൻ ഹരിഹരൻ (60) എന്നിവർക്കാണ് കടിയേറ്റത്. ഇവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
ഇതിനിടെ കടിച്ച നായ ചത്തത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. തെരുവ് നായ്ക്കളെ ഇല്ലാതാക്കാൻ നഗരസഭ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പുല്ലൂറ്റ് എൻ.എസ്.എസ് കരയോഗം യോഗം ആവശ്യപ്പെട്ടു.പുലർച്ചെയും രാത്രി കാലങ്ങളിലുമാണ് നായ്ക്കളുടെ ശല്യം ഏറുന്നത്.
പുല്ലൂറ്റ് പന്തലാലുക്കൽ ക്ഷേത്രം, കെ.കെ.ടി.എം കോളേജ് ഗ്രൗണ്ട്, പള്ളത്ത് കാട്, വില്ലേജ് റോഡുകൾ എന്നിവിടങ്ങളിലാണ് നൂറുക്കണക്കിന് നായ്ക്കൾ യഥേഷ്ടം വിലസുന്നത്.പുലർച്ചെ തൊഴിലിന് പോകുന്നവർക്കും സ്കൂളിൽ പോകുന്ന കുട്ടികൾക്കും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് പ്രദേശം.ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൻ.എസ് എസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ്് നന്ദകുമാർ പി.മേനോൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുനിൽകുമാർ, കെ.കാർത്തികേയൻ, എം.ഓമനക്കുട്ടൻ, മോഹനൻ കൊന്പടാത്ത് എന്നിവർ പ്രസംഗിച്ചു. ഗുരുവായൂർ: കോട്ടപ്പടിയിൽ ഗർഭിണിയടക്കം മൂന്ന് പേരെ കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് നായ മൂന്ന് പേരെ കടിച്ചത്.
വീടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരി തന്പുരാൻപടി നടുവട്ടം റോഡിൽ മനോജിന്റെ മകൾ ധ്യാന, സെന്റ് ലാസേഴ്സ് പള്ളി സെക്കന്റ് സ്ട്രീറ്റിൽ പൊറത്തൂർ ഷാജന്റെ ഭാര്യ ജിജിമോൾ, ഭർതൃപിതാവ് രാജൻ എന്നിവരേയാണ് നായ കടിച്ചത്.
വീടിനു പുറകിൽ നിൽക്കുകയായിരുന്ന ഗർഭിണിയായ ജിജിമോളെ കടിച്ചിട്ടും നായ കാലിൽ നിന്ന് പിടിവിടാത്തതിനെ തുടർന്ന് ഇവർ നിലവിളിക്കുകയായിരുന്നു.
കരച്ചിൽ കേട്ട് തടയാനെത്തിയ രാജനേയും നായ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്ന് പേരും തൃശൂർ മെഡിക്കൽ കേളജിൽ ചികിത്സ തേടി. ഇന്നലെ രാവിലെയാണ് നാട്ടുകാർ നായയെ ചത്തനിലയിൽ കണ്ടെത്തിയത്.