കൂരോപ്പട: ചത്ത നായയെ കുഴിച്ചിടാന്‍ നാട്ടുകാരും തയാറാകണമെന്ന് കൂരോപ്പട പഞ്ചായത്തംഗങ്ങള്‍. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്തംഗങ്ങളായ അനില്‍ കൂരോപ്പട, പി.എസ്. രാജന് എന്നിവരാണു ചത്ത നായയെ കുഴിച്ചിടുന്നതു പഞ്ചായത്തംഗങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ചു നാട്ടുകാരും ഇത്തരം കാര്യങ്ങള്‍ക്കു മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം കൂരോപ്പട അമ്പലപ്പടി ജംഗ്ഷനുസമീപമുള്ള വില്ലേജ് ഓഫീസിന്റെ മുന്‍വശത്ത് റോഡരികില്‍ തെരുവ് നായ ചത്ത് കിടന്നിരുന്നു. സമീപവാസികളും നിരവധി യാത്രക്കാരും ഇതുവഴി കടന്നു പോയെങ്കിലും ആരും ഗൗനിച്ചില്ല.
വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ അനില്‍ കൂരോപ്പട, പി.എസ്. രാജന് എന്നിവരും ഓട്ടോ ഡ്രൈവര്‍ നാരായണനും ചേര്‍ന്ന് നായയെ റോഡരികില്‍നിന്നു മാറ്റി കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു.
പഞ്ചായത്ത് അംഗങ്ങള്ക്കുള്ളതുപോലെ എല്ലാവര്ക്കും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ ബാധ്യതയുണ്ടെന്നാണു പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നത്. റോഡരികില്‍ നായ ചത്ത് കിടക്കുന്നുവെന്നു പറഞ്ഞ് നിരവധി ഫോണ്‍ കോളുകളാണു പഞ്ചായത്തിലേക്ക് എത്തിയത്.
വിളിച്ചവര്‍ക്കും നായയെ മറവ് ചെയ്യാനുള്ള ബാധ്യതയുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഇനിയും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് സാധാരണക്കാര്‍ പുറത്തിറങ്ങിയാല്‍ പോലീസിന്റെ ഭാഗത്തുനിന്നും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അത്തരം നടപടികള്‍ ഉണ്ടാകുമ്പോള്‍ സഹായത്തിനു പഞ്ചായത്ത് അംഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും നാട്ടുകാരും പറയുന്നു.