കോട്ടയം: ജില്ലയിലെ മിക്ക പ്രദേശങ്ങളിലും തെരുവുനായ ശല്യം വർധിച്ച സാഹചര്യത്തിൽ നായക്കളെ വന്ധീകരിക്കാൻ ഭരണകൂടങ്ങൾ പ്രഖ്യാപിച്ച ഒരു പദ്ധതിയും ഇതുവരെയും വിജയം കണ്ടില്ല. നായനിയന്ത്രണത്തിന്റെ പേരിൽ വിവിധ തദ്ദേശ സ്ഥാപനങ്ങൾ ലക്ഷങ്ങൾ ചെലവഴിക്കുക മാത്രമാണ് ചെയ്തത്. 10 വർഷം മുന്പ് കോട്ടയം നഗരസഭയാണ് നായപിടിത്ത പദ്ധതിയുടെ തുടക്കം കുറിച്ചത്. തെരുവുനായകളെ പിടികൂടി കോടിമതയിലെ മൃഗാശുപത്രിയിൽ വന്ധ്യംകരിച്ച് പുറത്തുവിടുമെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു.
നായ്ക്കളെ പിടികൂടാൻ വിദഗ്ധരെ മാത്രമല്ല ആശുപത്രി ആവശ്യങ്ങൾക്ക് നായവാഹനം വാങ്ങുമെന്നും പറഞ്ഞിരുന്നു. മൃഗാശുപത്രിയിൽ സ്ഥലസൗകര്യമില്ലാത്തതിനാൽ പദ്ധതി പാളി. സമാനമായ പദ്ധതി മൂന്നു നഗരസഭകൾ കൂടി ആവിഷ്കരിച്ചെങ്കിലും ഒരു നായപോലും പിടിയിലായില്ല. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും പത്രക്കുറിപ്പിറക്കി നാലു വർഷം മുന്പ് നായപിടിത്ത പദ്ധതി ആവിഷ്കരിച്ചു.
വലിയ തുകയും ഇതിനായി നീക്കിവച്ചു. തെരുവുനായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കാത്തതിനാൽ അവയെ വന്ധ്യംകരിച്ച് ജനനനിയന്ത്രണമുണ്ടാക്കുമെന്നായിരുന്നു കളക്ടറുടെ പ്രഖ്യാപനം. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് സ്ഥിരം സംവിധാനമാണ് അന്നു ലക്ഷ്യമിട്ടത്. 50 നായ്ക്കളെ സൂക്ഷിക്കാൻ കൂടുണ്ടാക്കുമെന്നും വന്ധ്യംകരിച്ചവയെ മുന്നുദിവസം കൂട്ടിൽ സൂക്ഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു. പക്ഷെ ഒരു നായയെ പോലും പിടിക്കാൻ സാധിച്ചില്ല. ഒരു നായയെ വന്ധ്യംകരിക്കാൻ അഞ്ഞൂറുരൂപയുടെ മരുന്ന് വേണം. തീറ്റച്ചെലവിനു പുറമെ നായയെ പിടിക്കുന്നവർക്കും വേതനം നൽകണം.