കോട്ടയം: നഗരത്തിൽ തെരുവ് നായ ശല്യം കൂടുന്നതായി പരാതി. ജനത്തിരക്ക് കുറഞ്ഞതോടെ തെരുവ് നായ്ക്കൾ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ കൂട്ടംകൂടിയാണ് നടക്കുന്നത്. ഇതോടെ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
തിരുനക്കര ബസ് സ്റ്റാൻഡും പരിസരവും, കോടിമത, മിനി സിവിൽസ്റ്റേഷൻ ജംഗ്ഷൻ, നാഗന്പടം സ്റ്റാൻഡ്, കെഎസ്ആർടിസി കോർണർ, കുട്ടികളുടെ ലൈബ്രറി തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായകൾ കൂട്ടത്തോടെ എത്തുന്നത്.
രാത്രികാലങ്ങളിൽ ഇവ റോഡിലിറങ്ങി പൊതു ജനങ്ങൾക്കു ഭീഷണിയാകുന്നുണ്ട്. വാഹനങ്ങളുമായി എത്തുന്നവരുടെ മുന്നിലേക്ക് കുരച്ചുകൊണ്ട് ചാടുകയും പിന്നാലെ വരികയും ചെയ്യുന്നു. പലപ്പോഴും ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കാനും ഇതു കാരണമാകുന്നു.
ലോക്ഡൗണിനെ തുടർന്നു സൗജന്യ ഭക്ഷണ വിതരണം കൂടിയതാണ് തെരുവ് നായകൾ പെറ്റു പെരുകാനുള്ള പ്രധാന കാരണം. ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടത്തിനു പുറമേ സൗജന്യ ഭക്ഷണം ലഭിക്കുന്നവർ ഒരു പങ്കു നൽകുന്നതോടെയാണ് ഇവ കൂട്ടമായി വിരാചിക്കാൻ തുടങ്ങിയത്.
പകൽ സമയങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വലിയ വാഹനങ്ങളുടെ വശങ്ങളിലും അടിയിലുമായി ചുരുണ്ടു കൂടുന്ന നായകൾ രാത്രി കാലങ്ങളിലാണ് കൂടുതലായി നിരത്തിലിറങ്ങുന്നത്. വാഹനങ്ങൾ എത്തിയാലും റോഡിൽ നിന്നുമാറാതെ കൂട്ടമായി നിന്നു മാർഗ തടസം സൃഷ്ടിക്കുന്നതായി യാത്രക്കാർ പറയുന്നു.
കാൽനടയാത്രക്കാരും നായ ശല്യം കാരണം വളരെ ബുദ്ധിമുട്ടുകയാണ്. ഓടകളിലും നിരത്തിന്റെ വശങ്ങളിലും വ്യാപര സ്ഥാപനങ്ങളിൽനിന്നും ഹോട്ടലുകളിൽ നിന്നും നിക്ഷേപിക്കുന്ന മാലിന്യം കടിച്ചെടുത്ത് റോഡിൽ ഇടുന്നതാണ് മറ്റൊരു പ്രശ്നം. ഇതു പരിസര മലിനീകരണവും ദുർഗന്ധവും സൃഷ്ടിക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനം ഇപ്പോൾ കൂടുതലായി നിരത്തിലിറങ്ങുന്നില്ലെങ്കിലും തെരുവു നായ ശല്യം വരും നാളുകളിൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ നഗരസഭ ഭരണ സമിതി ഈ കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.