നായകളുടെ സ്നേഹത്തിന്റെ കഥ മുന്പും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നായകളുടെ യജമാന സ്നേഹമാണ് അവയെ വ്യത്യസ്തരാക്കുന്നതും.
തുർക്കിയിൽ നിന്നുള്ള നായയുടെ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോൺകുക്ക് എന്നാണ് നായയുടെ പേര്.
ആറുദിവസമായി ഒരു ആശുപത്രിയുടെ മുന്പിൽ കാത്തുനിൽക്കുന്ന നായയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. നായയുടെ ഉടമസ്ഥൻ അസുഖവുമായി ബന്ധപ്പെട്ട് ആറുദിവസം ചികിത്സയിലായിരുന്നു.
ഇതോടെ തന്റെ യജമാനനെ കാത്ത് ബോൺകുക്ക് ആശുപത്രിക്ക് പുറത്ത് നിൽപ്പ് തുടങ്ങി. യജമാനനായ സെമാൽ സെൻതുർക്കിനെ കൊണ്ടുപോയ ആംബുലൻസിനു പിന്നാലെയാണ് ബോൺകുക്ക് ആശുപത്രിയിലെത്തിയത്.
സെമാന്റെ ബന്ധുക്കൾ നായയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും ഉടൻതന്നെ നായ തിരിച്ചെത്തും. നായയുടെ യജമാന സ്നേഹം കണ്ട ആശുപത്രി അധികൃതർ നായയെ ആശുപത്രിക്ക് പുറത്ത് തുടരാൻ അനുവദിക്കുകയായിരുന്നു.
നായയ്ക്ക് അവർ ഭക്ഷണവും മറ്റും നൽകിയിരുന്നു. ആറു ദിവസത്തിനു ശേഷം സെമാൽ ഡിസ്ചാർജ് ആയതോടെ യജമാനൊപ്പമാണ് ബോൺകുക്ക് വീട്ടിലേക്ക് മടങ്ങിയത്.