കുണ്ടറ: സ്കൂള്‍ വിട്ട് സഹപാഠികള്‍ക്കൊപ്പം വീട്ടിലേക്ക് പോയ അഞ്ചാംക്ലാസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി. കാഞ്ഞിരകോട് സ്കൂളിലെ വിദ്യാര്‍ഥി ആല്‍ത്തറമുകള്‍ കിഴങ്ങുവിള പടിഞ്ഞാറ്റതില്‍ ഉല്ലാസിന്റേയും പ്രമീളയുടെയും മകന് ആദിത്യനാണ് മുഖത്ത് തെരുവുനായയുടെ കടിയേറ്റത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് വീട്ടിലേക്കുള്ള വഴിയില്‍ നായയുടെ ആക്രമണമുണ്ടായത്.
നായവരുന്നതുകണ്ട് സഹപാഠികള്‍ക്കൊപ്പം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ആദിത്യനെ ആക്രമിച്ചത്. നാട്ടുകാര്‍ ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുണ്ടറയിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. അറവുമാലിന്യം തിന്ന് ശീലിച്ച നായ്ക്കൾ മുതിര്‍ന്നവരെപ്പോലും ആക്രമിക്കുകയാണ്. കൂട്ടമായി രാത്രിയിലെത്തുന്ന നായകള്‍ വളര്‍ത്തുകോഴികളെയും ആടുകളെയും തിന്നുതീര്‍ക്കുന്നു. കോഴി, താറാവ്, ആട് കര്‍ഷകര്‍ നായശല്യംമൂലം കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്.
റോഡില്‍ അറവുശാലമാലിന്യം തള്ളുന്നത് തടയുകയല്ലാതെ നായശല്യത്തിന് പരിഹാരമുണ്ടാക്കാനാവില്ലെന്നാണ് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്.