കെ.കെ. അർജുനൻ
വെളപ്പായ: ഒരു കുടുംബം മുഴുവൻ പ്രാർഥനയിലാണ്….തങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായ ജീവിതത്തിലേക്കു തിരിച്ചെത്താൻ. വെളപ്പായ ചൈന ബസാറിലെ പട്ടിയത്ത് വീട്ടിൽ സീതയും കുടുംബവും ഓമനിച്ചു വളർത്തിയ കുഞ്ഞനെന്ന നാടൻ വളർത്തുനായ ഇപ്പോൾ തളർന്നുകിടപ്പാണ്. ഉത്സാഹത്തോടെ ഓടിനടന്നിരുന്ന കുഞ്ഞൻ ഒരുമാസം മുന്പാണ് കിടപ്പിലായത്.
തൃശൂർ നഗരത്തിലെ ഷോപ്പിംഗ് കോംപ്ലെക്സിൽ ശുചീകരണ തൊഴിലാളിയായ സീത ജോലി കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചെത്തുന്നതും കാത്ത് വീടിനു മുന്നിലെ റോഡിൽ കുഞ്ഞൻ നിൽക്കുക പതിവായിരുന്നു. ഇങ്ങനെ റോഡിൽ നിൽക്കുന്നതിനിടെ അവണൂർ പഞ്ചായത്ത് നിയോഗിച്ച പട്ടിപിടിത്തക്കാർ വന്ധ്യംകരണത്തിനായി കുഞ്ഞനെ പിടിച്ചുകൊണ്ടുപോയി.
നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല.ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സീത തന്റെ ഓമനയെ കൊണ്ടുപോയതറിഞ്ഞത്. ഉടൻ ഓട്ടോ വിളിച്ച് പഞ്ചായത്തിന്റെ പല ഭാഗത്തും പോയി പട്ടിപിടിത്തക്കാരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോംസണ് നൽകിയ ഫോണ് നന്പറിൽ പട്ടിപിടിത്തക്കാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോണെടുത്തില്ല. 22 തവണ ഫോണ് ചെയ്തെന്നു സീത പറയുന്നു.മൂന്നാം നാൾ വന്ധ്യംകരണം നടത്തിയ ശേഷം കുഞ്ഞനെ തിരികെയെത്തിക്കാമെന്ന് ഇവർ അറിയിച്ചു.
നാലാം നാളിൽ അവശനായ കുഞ്ഞനെ റോഡിൽ ഉപേക്ഷിച്ച നിലയിലാണു കണ്ടത്. തുടർന്ന് ആക്കോടിക്കാവ്, കൊക്കാലെ, മണ്ണുത്തി എന്നിവിടങ്ങളിലെ ആശുപത്രികളിൽ കൊണ്ടുപോയി വിദഗ്ധ ഡോക്ടർമാരെ കാണിച്ചു മരുന്നുകൾ കൊടുത്തെങ്കിലും അവശത മാറിയില്ല.
കൊക്കാലെയിലെ പരിശോധനയിൽ കുഞ്ഞനു ന്യൂമോണിയ ബാധിച്ചതായും അതു കരളിലേക്കു വ്യാപിച്ചതായും കണ്ടത്തി.ചികിത്സക്കായി നല്ലൊരു തുക ചെലവായി. സാന്പത്തിക പ്രതിസ ന്ധിയിൽ കാതിലെ സ്വർണക്കമ്മൽ വിറ്റാണു സീത കുഞ്ഞന്റെ ചികിത്സയ്ക്കു പണം കണ്ടെത്തിയത്.
ഇപ്പോൾ വീട്ടിലെ കട്ടിലിൽ കിടത്തി ഫാനിട്ടുകൊടുത്ത് പരിചരിക്കുകയാണ് ഇവർ. രാവിലെ ജോലിക്കു പോകും മുൻപ് കുഞ്ഞന്റെ മലവും മൂത്രവുമെല്ലാം സീതതന്നെ വൃത്തിയാക്കും. തനി വെജിറ്റേറിയനാണെങ്കിലും ആരോഗ്യമുണ്ടാകട്ടെയെന്നു കരുതി എന്നും കുഞ്ഞനുവേണ്ടി മത്സ്യവും മാംസവും വാങ്ങിക്കൊണ്ടുവരും.
എന്നാൽ, കുഞ്ഞൻ ഒന്നും കഴിക്കുന്നില്ല. ട്യൂബിലൂടെ നൽകുന്ന കഞ്ഞിവെള്ളമാണു ജീവൻ പിടിച്ചു നിർത്തുന്നത്.പതിനൊന്നു വർഷം മുന്പ് ആരോഗ്യ സർവകലാശാലക്കടുത്തുള്ള സഹോദരന്റെ വീട്ടിൽ നിന്ന് കുഞ്ഞിലേയാണു കുഞ്ഞനെ സീതയ്ക്കു കിട്ടിയത്.
ഭർത്താവ് മരിച്ച സീതയെ സഹോദരനാണു നോക്കിയിരുന്നത്. ആറു വർഷം മുന്പ്് സഹോദരൻ മരിച്ചു. മകൾ വിവാഹം കഴിഞ്ഞുപോയതോടെ സീതയ്ക്കു കൂട്ടും കാവലും കുഞ്ഞനായിരുന്നു. സീത ജോലിക്കു പോകുന്പോഴും തിരകെ വരുന്പോഴും ബസ് സ്റ്റോപ്പുവരെ കുഞ്ഞൻ കൂടെപ്പോകുമായിരുന്നു.ഇപ്പോൾ ജോലി കഴിഞ്ഞാൽ സീത വേഗം ഓടിയെത്തും…തന്റെ കുഞ്ഞന്റെയരികിലേക്ക്…