
തുറവൂർ: വീട്ടിൽ വളർത്തിയിരുന്ന വിദേശയിനം വളർത്തുനായയുടെ കൈകാലുകൾ സാമൂഹിക വിരുദ്ധർ തല്ലിയൊടിച്ചതായി പരാതി. കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാർഡ് മാവുങ്കൽ ലക്ഷ്മിഭായിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് നായയെ ക്രൂരമായി ആക്രമിച്ചു പരിക്കേൽപിച്ചത്. ഇരുന്പ് നിർമിത കൂടും തകർത്ത നിലയിലാണ്.
രണ്ട് പെണ്മക്കൾ മാത്രമുള്ള ലക്ഷ്മിഭായി ആറ് വർഷങ്ങൾക്ക് മുന്പാണ് 18,000 രൂപയ്ക്ക് ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ വാങ്ങിയത്. വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇവർ എരമല്ലൂരിലെ വാടക വീട്ടിലാണ് താമസം.
രാവിലെയും വൈകുന്നേരവും നായയ്ക്ക് ഭക്ഷണമെത്തിച്ചു നൽകും. ഇന്നലെ രാവിലെ ഭക്ഷണം നൽകാനെത്തിയപ്പോഴാണ് കൈകാലുകൾ ഒടിഞ്ഞു തൂങ്ങി മൃതപ്രായനായ വിധത്തിൽ നായയെ കണ്ടത്.
ആലപ്പുഴ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് നായയുടെ കൈകാലുകൾ പ്ലാസ്റ്ററിട്ടു. സംഭവത്തിൽ കുത്തിയതോട് പോലീസ് അന്വേഷണം തുടങ്ങി.