തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ലൈസന്‍സില്ലാതെ വളര്‍ത്തുന്ന മൃഗങ്ങളെ നഗരസഭ പിടിച്ചെടുത്ത് ലേലം ചെയ്യും. ഇതില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ നിന്ന് നഗരസഭയുടെ ചെലവ് കിഴിച്ചുള്ള തുക ഉടമസ്ഥനു നല്‍കും. വളര്‍ത്തു മൃഗങ്ങള്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് നഗരസഭ തയാറാക്കിയ നിയമാവലിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നിയമാവലിക്ക് ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്കി.വളര്‍ത്തു മൃഗങ്ങള്‍ അയല്ക്കാരന് ശല്യമായാല്‍ ഉടമയില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കാമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടാമത്തെ ലംഘനത്തിന് 2500 രൂപയും തുടര്‍ന്നുള്ള ഓരോ ദിവസത്തിനും 100 രൂപ വീതവും പിഴ ഈടാക്കാമെന്ന് നിയമവാലിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നിയമാവലി ലംഘിച്ചാല്‍ നിയമാനുസരണം പ്രോസിക്യൂഷന് ചെയ്യാന്‍ നഗരസഭയ്ക്ക് അധികാരമുണ്ട്. നഗരസഭ പിടിച്ചെടുക്കുന്ന മൃഗങ്ങള്‍ക്ക് രണ്ടു ദിവസത്തിനകം ലൈസന്‍സ് പുനസ്ഥാപിച്ചാല്‍ 500 രൂപ പിഴ ഈടാക്കി മൃഗത്തെ വിട്ടു നല്‍കും.
രണ്ടു ദിവസത്തില്‍ കൂടുതല്‍ പിടിച്ചെടുത്ത മൃഗങ്ങളെ നഗരസഭ പരിപാലിക്കുന്നുണ്ടെങ്കില്‍ ഉടമയില്‍ നിന്ന് ദിവസേന 200 രൂപ വീതം ഈടാക്കും. നിയമാവലി പ്രകാരം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകളിലെ മൃഗങ്ങളെയും നഗരസഭയ്ക്ക് പിടിച്ചെടുക്കാം. മൂന്നു ദിവസത്തിനകം 1000 രൂപ അധിക പിഴ അടച്ച് ലൈസന്‍സ് എടുത്താല്‍ മൃഗങ്ങളെ വിട്ടു നല്‍കും.
നിയമാവലി അനുസരിച്ച് വളര്‍ത്തു മൃഗത്തിന്(ഒരു മൃഗത്തിന്) 250 രൂപ എന്ന തോതില്‍ ഉടമസ്ഥന് നഗരസഭയില്‍ ലൈസന്‍സ് ഫീസ് നൽകണം.നേരത്തേ ഇത് 125 രൂപയായിരുന്നു. വന്ധീകരിക്കാത്ത മൃഗങ്ങളെ വാണിജ്യപരമായി പ്രജനനം നടത്തുന്നതിനും കുട്ടികളെ വില്‍ക്കുന്നതിനുമുള്ള ബ്രീഡര്‍ ലൈസന്‍സ് ഫീസ് 1000 രൂപയും(ഒരു മൃഗത്തിന്) സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് ഫീസായി 1000 രൂപയും നഗരസഭയില്‍ ഒടുക്കണം.
ലൈസന്‍സിന്റെ കാലാവധി ഒരു വര്‍ഷമാണ്. ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ ലൈസന്‍സ് കാലാവധി തീരുന്നതിനു 30 ദിവസം മുന്‍പ് നല്‍കണം. ഇതിനൊപ്പം വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. കാലാവധിയ്ക്ക്കം ലൈസന്‍സ് എടുക്കാത്തവര്‍ക്ക് 500 രൂപ പിഴ നല്കി ലൈസന്‍സ് പുതുക്കാം.
ലൈസന്‍സുള്ള വളര്‍ത്തുമൃഗം മരണപ്പെട്ടാല്‍ അറിയിപ്പു കൂടാതെ ലൈസന്‍സ് റദാക്കും. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണം. അഞ്ചു വര്‍ഷത്തേക്ക് ഒരുമിച്ച് ലൈസന്‍സ് എടുക്കാവുന്നതാണ്. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ കാലാവധി തീരുന്ന മുറയ്ക്ക് വീണ്ടും കുത്തിവയ്പ് എടുത്തില്ലെങ്കില്‍ ലൈസന്‍സ് സ്വമേധയാ റദാകുമെന്നും നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന തീയതി മുതല്‍ നിയമാവലി പ്രാബല്യത്തില്‍ വരും.