നായ മൈത്രി നഗരസഭ; വന്ധ്യംകരണത്തിനായി തെരുവു നായ്ക്കളെ മാടിവിളിച്ച് പൊന്നാനി നഗരസഭ; ഇണക്കിയതിനു ശേഷം മാത്രം വന്ധ്യംകരിക്കും

dogപൊന്നാനി:ജനമൈത്രി പോലീസ് എന്നു പറയുന്നതു പോലെ നായ മൈത്രി നഗരസഭയുണ്ടായാല്‍ എങ്ങനെയിരിക്കും. പൊന്നാനി നഗരസഭയാണ് ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. തെരുവുനായ്ക്കളോടു സൗഹാര്‍ദ്ദപരമായി ഇടപെടണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം. തെരുവുനായ ശല്യം ക്രമാതീതമായി കൂടിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വന്ധ്യംകരണപദ്ധതിയുമായി നഗരസഭ രംഗത്തെത്തിയത്. നായകളെ കുടുക്കിട്ടു പിടിക്കുന്നതിനു പകരം അവരെ ഇണക്കിയെടുത്ത ശേഷം തന്ത്രപൂര്‍വം പിടികൂടി വന്ധ്യംകരിച്ചു തിരിച്ചയ്ക്കുന്ന പരിപാടിയ്ക്കാണ്് നഗരസഭ ആരംഭം കുറിച്ചിരിക്കുന്നത്.

ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലിനു കീഴിലുള്ള ഏഴംഗസംഗമാണ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുമായി സൗഹൃദം സ്ഥാപിക്കുകയാണ് അദ്യപടി. അതിനുശേഷം ഇവ ഇണങ്ങിയെന്നുറപ്പായാല്‍ നേരെ ഈശ്വരമംഗലം മൃഗാശുപത്രിയോട് ചേര്‍ന്നുള്ള വന്ധ്യംകരണ യൂണിറ്റിലെത്തിച്ചു വന്ധ്യംകരിക്കുകയാണ് പദ്ധതി. നായ്ക്കളെ കുരുക്കിട്ടു പിടിക്കുക എന്ന പ്രാകൃതരീതി തീര്‍ത്തും ഒഴിവാക്കി എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് നഗരസഭ പറയുന്നു.നായ്ക്കളോട് ക്രൂരത കാണിക്കുമ്പോഴാണ് അവറ്റകള്‍ തിരിച്ചാക്രമിക്കുന്നതെന്നും ഇണക്കിയെടുത്തു പരിശീലിപ്പിച്ചാല്‍ അവര്‍ അച്ചടക്കമുള്ളവരാകുമെന്നും പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നവര്‍ പറയുന്നു.

Related posts