വള്ളിക്കോട്: പുതുവർഷം ആഘോഷിക്കാൻ പോയ യുവാക്കൾക്കുനേരെ നായ കുരച്ചതിന്റെ പേരിൽ സമീപത്തെ വീട് അടിച്ചു തകർത്തു. ഗൃഹനാഥനെ മർദിച്ചു. വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അയൽവാസിയുടെ കാറും അടിച്ചു തകർത്തു. അയ്യംകുളത്ത് ഉണ്ണികൃഷ്ണൻ നായരുടെ വീടിന് നേരെ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ആക്രമണം നടന്നത്. ഇദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അയൽവാസി സൗമ്യ ഭവനിൽ മുരളീധരന്റെ കാറും സംഘം അടിച്ചു തകർത്തു.
വീട്ടുകാരെല്ലാം തൊട്ടടുത്ത് നടക്കുന്ന ഗാനമേള കേൾക്കാൻ ഉണ്ണിക്കൃഷ്ണൻ നായർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇദ്ദേഹം സിറ്റൗട്ടിൽ കിടക്കുന്പോഴാണ് നാലംഗ സംഘം സ്കൂട്ടറിൽ ആ വഴി പുതുവർഷം ആഘോഷിക്കാൻ എത്തിയത്. ഇവർക്കു നേരെ നായ കുരച്ചപ്പോൾ പട്ടിയെ പിടിച്ചു കെട്ടണമെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു.
തന്റെ നായ അല്ല എന്ന് ഉണ്ണി പറയുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അരമണിക്കൂറിന് ശേഷം യുവാക്കൾ സംഘടിതരായി മടങ്ങി എത്തി. 10 പേരാണ് ഉണ്ടായിരുന്നത്. ഇവർ തന്നെ മർദിക്കുമെന്ന് മനസിലാക്കിയ ഉണ്ണിക്കൃഷ്ണൻ വീടിനുള്ളിൽ കടന്ന് വാതിൽ അടയ്ക്കാൻ ശ്രമിച്ചു.
അക്രമി സംഘം വാതിൽ ചവിട്ടിത്തുറന്ന ശേഷം മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. കൂട്ടത്തിലുണ്ടായിരുന്നവർ ഇതിനിടെ വീട്ടുമുറ്റത്ത് കിടന്ന കാർ അടിച്ചു തകർത്തു. അയൽവാസിയായ മുരളീധരൻ വീട്ടിൽ കല്യാണപന്തൽ ഇട്ടതിനാൽ ഉണ്ണിയുടെ വീട്ടിലേക്ക് മാറ്റിയിട്ടതായിരുന്നു കാർ.
അരമണിക്കൂറോളം അക്രമി സംഘം അഴിഞ്ഞാടി. ഭീഷണി മുഴക്കിയാണ് ഇവർ സ്ഥലം വിട്ടത്. വിവരമറിഞ്ഞ് രണ്ടു തവണ പോലീസ് സ്ഥലത്തു വന്നു. വള്ളിക്കോട്, ഞക്കുനിലം സ്വദേശികളുടെ പേരിൽ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.