ഏതു നായയ്ക്കും ഒരു ദിവസമുണ്ടാകുമെന്നു പറയുന്നത് എത്ര ശരി. അമേരിക്കയിലെ കെന്റക്കിയിലുള്ള ഒരു പട്ടണം അവരെ ഭരിക്കാനായി ഒരു നായയെ തെരഞ്ഞെടുത്തതോടെയാണ് ഈ പഴഞ്ചൊല്ല് വീണ്ടും അര്‍ഥവത്തായത്. കെന്റക്കിയിലെ റാബിറ്റ്ഹാഷ് എന്ന പട്ടണമാണ് ഈ സാഹസത്തിനു മുതിര്‍ന്നത്. ബ്രിന്നത്ത് പോള്ട്രോ എന്ന പിറ്റ്ബുളാണ് പട്ടണത്തിന്റെ പുതിയ മേയര്‍. വാശിയേറിയ പോരാട്ടത്തില്‍ പൂച്ച, കോഴി, കഴുത തുടങ്ങിയ ശക്തരായ എതിരാളികളെ 3367 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ബ്രിന്നത്ത് മേയറായത്.
ഇവള് എല്ലാവരുടെയും സ്നേഹിതയാണെന്ന് റാബിറ്റ് ഹാഷ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളിലൊരാളായ ബോബി കെയ്സര്‍ പറയുന്നു. ഒരു ധനസമാഹരണത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പു നടത്തിയത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പിരിഞ്ഞുകിട്ടിയതുക റാബിറ്റ് ഹാഷിലെ ജനറല്‍ സ്റ്റോറിന്റെ റിപ്പയറിനായാണ് ഉപയോഗിക്കുക. ഓരോവോട്ടിനും ഓരോ ഡോളര്‍ എന്ന നിലയിലായിരുന്നു തുക പിരിച്ചത്. ഒരാള്‍ക്ക് എത്രവോട്ടുവേണമെങ്കിലും ചെയ്യാമായിരുന്നു. മൊത്തത്തില്‍ 8965 ഡോളര്‍ പിരിഞ്ഞുകിട്ടി. മദ്യപിച്ചു ലക്കുകെട്ട ചിലരും വോട്ടു ചെയ്തെന്നു കെയ്സര്‍ പറയുന്നു. മദ്യപര്‍ കൂടുതല്‍ വോട്ടു ചെയ്യും എന്നതിനാല്‍ തങ്ങള്‍ ആ സമയത്ത് മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചതായും കെയ്സര്‍ വ്യക്തമാക്കി.
ബ്രിന്‍ എന്ന പേരിലാണ് ബ്രിന്നത്ത് അറിയപ്പെടുന്നത്. കോളജ് വിദ്യാര്‍ഥിയായ ജോര്‍ഡി ബാംഫോര്ത്താണ് ബ്രിന്നിന്റെ ഉടമ. ബ്രിന്നിനു മുമ്പും നായകള്‍ പട്ടണത്തില്‍ മേയറായിട്ടുണ്ട്. 1998ല്‍ മേയറായ ഗൂഫിയാണ് പട്ടണത്തിലെ ആദ്യ നായ മേയര്‍. തുടര്‍ന്ന് ജൂനിയര്‍, ലൂസി ലൂ എന്നിവരും കെയ്സറിന്റെ മുന്‍ഗാമികളായി. ലൂസി ലൂ വിരമിച്ചത് ഈ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു. പദവിയില്‍ നിന്നു വിരമിക്കുന്ന ആദ്യ നായയും ലൂസിയാണ്. മറ്റുള്ളവരെല്ലാം പദവിയിലിരിക്കേ മരിക്കുകയായിരുന്നു. നായകളെ മേയറാക്കുന്നത് അമേരിക്കയില്‍ ട്രെന്ഡാവുകയാണിപ്പോള്.