കാളികാവ്:വന്യമൃഗങ്ങളുടെ ഇറച്ചിയ്ക്ക് എന്നും നല്ല ഡിമാന്‍ഡാണ്. അപ്പോള്‍ നല്ല മാനിറച്ചി കിട്ടിയാല്‍ ആരെങ്കിലും വിടുമോ. ഇങ്ങനെയാണ് നല്ല മാനിറച്ചിയാണെന്ന് വിചാരിച്ച് ആളുകള്‍ വന്‍വില നല്കി മാംസം വാങ്ങിയത്. എന്നാല്‍ കിട്ടിയതാകട്ടെ നല്ല പട്ടിയിറച്ചിയും. സംഭവമറിഞ്ഞതോടെ കഴിച്ചവര്‍ക്കെല്ലാം ദേഹാസ്വാസ്ഥ്യമുണ്ടായി തുടര്‍ന്ന് എല്ലാവരും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
വേട്ടയിറച്ചി ആണെന്ന് പറഞ്ഞ് വന്‍തുകയ്ക്ക് സംഘം നല്‍കിയത് പട്ടിയിറച്ചിയായിരുന്നു. അതേസമയം മാനെ വേട്ടയാടുന്നതും ഭക്ഷണമാക്കുന്നതും വന്‍ കേസായതിനാല്‍ ഇക്കാര്യത്തില്‍ പരാതിയുമായി ആരും തയ്യാറായിട്ടില്ലെന്നാണ് വിവരം. മാനിറച്ചി എന്ന പേരില്‍ വലിയ തുകയായിരുന്നു ഇറച്ചി സംഘം വില്‍പ്പന നടത്തിയത്. ഇറച്ചി പാകമാകാന്‍ സമയദൈര്‍ഘ്യത്തില്‍ സംശയം തോന്നിയ ചിലര്‍ കിട്ടിയത് മാനിറച്ചി തന്നെയാണോ എന്ന് സംശയം ഉയര്‍ത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മലയുടെ അടിവശത്ത് നിന്നും നായകളുടെ തലകള്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇറച്ചി വാങ്ങിയ നിരവധി പേരാണ് ആശുപത്രിയിലായിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ ആരും ഇതുവരെ കേസിന് പോകാന്‍ തയ്യാറായിട്ടില്ല. കബളിപ്പിക്കലിന് കേസിന് പോയാല്‍ മാനെ വേട്ടയാടിയവരും കഴിച്ചവരുമെല്ലാം അറസ്റ്റിലാകുമെന്ന ഭയം നില നില്ക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയിലായിട്ടും ആരും മുമ്പോട്ട് വരാതിരുന്നതെന്നാണ് നിഗമനം. അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാനിറച്ചിയാണെങ്കില്‍ അനധികൃത വേട്ടയാടലിന് ഇറച്ചി നല്കിയ സംഘം അകത്താകും. ഇനി മാനിറച്ചി അല്ലെങ്കില്‍ ഇറച്ചി നല്കി വഞ്ചിച്ചതിനാകും കേസ് വരിക. പോലീസും വനം വന്യജീവി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടസംഘം നല്‍കിയത് പട്ടിയിറച്ചി തന്നെയാണെന്നാണ് അധികൃതരുടെ നിഗമനം. മാനിറച്ചിയാണ് നല്കിയതെങ്കില് വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുക്കും. എന്തായാലും ആരെങ്കിലുമൊക്കെ കുടുങ്ങുമെന്നുറപ്പാണ്.