തൊടുപുഴ: തൊടുപുഴയിൽ ഹോട്ടലുകളിൽ ബീഫും മട്ടണുമായി ഉപയോഗിക്കാൻ നായയെ കശാപ്പു ചെയ്തെന്ന് വ്യാജ പ്രചാരണം. കഴിഞ്ഞ ദിവസം മുതലാണ് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിച്ചു തുടങ്ങിയത്.
ബീഫും മട്ടനും വാങ്ങുന്നവർ സൂക്ഷിക്കുക. തൊടുപുഴയിൽ ഹോട്ടലിൽ വിൽപന നടത്താൻ പട്ടിയെ കശാപ്പു ചെയ്ത രണ്ടു യുവാക്കളെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു എന്നായിരുന്നു പ്രചാരണം. നായയുടെ തൊലിയുരിഞ്ഞു കശാപ്പു ചെയ്ത ചിത്രം സഹിതമാണ് വാട്സ് ആപ്പ് സന്ദേശമായും മറ്റു സോഷ്യൽ മീഡിയകളിലും വൈറലായി മാറിയിരിക്കുന്നത്. ഇതോടെ അറവുശാലകളിൽ നിന്നും മറ്റും ഇറച്ചി വാങ്ങാൻ ജനങ്ങൾ മടിക്കുന്നു. എന്നാൽ പ്രചാരണത്തിൽ കഴന്പില്ലെന്നാണ് പോലീസ് പറയുന്നത്. സന്ദേശം കണ്ട് നിരവധി ആളുകളാണ് സംശയദൂരീകരണത്തിനായി പോലീസ് സ്റ്റേഷനിലേക്കു വിളിക്കുന്നതെന്ന് തൊടുപുഴ പ്രിൻസിപ്പൽ എസ്ഐ വി.സി വിഷ്ണു കുമാർ ദീപികയോട് പറഞ്ഞു.
വ്യാജ പ്രചാരണത്തെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന് എസ്ഐ അറിയിച്ചു. കഴിഞ്ഞ ദിവസം മറ്റു സ്ഥലപ്പേരുകൾ ഉപയോഗിച്ചും സമാന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്തായാലും അറവുശാല നടത്തിപ്പുകാർക്ക് ഈ വ്യാജ വാർത്ത ക്ഷീണം ചെയ്തിട്ടുണ്ട്.