ഗാന്ധിനഗർ: വളർത്തുനായയ്ക്ക് പേരിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മയെ അയൽവാസികൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഗുജറാത്തിലെ ഭാവ്നഗറില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുപ്പത്തഞ്ചുകാരിയായ നീതാബെന്‍ സര്വൈയയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.
നിതാബെൻ തന്റെ വളർത്തുനായക്ക് സോനു എന്ന് പേരിട്ടതാണ് ആക്രമണത്തിൽ കലാശിച്ചത്. നീതാബെന്നിന്റെ അയല്‍വാസി സുരാഭായ് ഭര്‍വാഡിന്റെ ഭാര്യയുടെ ഇരട്ടപ്പേരാണ് “സോനു’ എന്നത്. ഇതില്‍ പ്രകോപിതനായ സുരാഭായിയും മറ്റ് അഞ്ചുപേരും നീതാബെന്നിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന ഇളയ മകൻ കാൺകെ നീതാബെന്നിന്റെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭർത്താവും അയൽക്കാരും ചേർന്ന തീയണക്കുകയായിരുന്നു. അതേസമയം, നീതാബെന്‍ നായയ്ക്ക് സോനു എന്നു പേരിട്ടത് മനഃപൂര്‍വമാണെന്ന് സാരാഭായ് പോലീസിനോടു പറഞ്ഞു.
നീതാബെന്നിന്റെ കുടുംബവും സാരാഭായിയുടെ കുടുംബവും തമ്മില്‍ മുന്‍പ് ജലവിതരണവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ആറുപേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.