കോവിഡ് ലോകമാകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഏവരും ഭീതിയിലാണ്. കോവിഡ് വാക്‌സിനുള്ള ശ്രമം തുടരുമ്പോഴും രോഗവ്യാപനം വര്‍ധിക്കുകയാണ്. ഈ കോവിഡ് കാലയളവില്‍ കോവിഡ് എന്നും കൊറോണയെന്നും പേരു കിട്ടിയവരും കുറവല്ല.
ഇങ്ങ് വയനാട്ടില്‍ കോവിഡെന്ന് ആരെങ്കിലും വിളിച്ചാല്‍ തന്നെ ഓടിയെത്തുന്നത് ഒരു സുന്ദരന്‍ നായ കുട്ടിയാണ്.
മീനങ്ങാടിയിലെ ലക്ഷ്മി നിവാസില്‍ ലക്ഷ്മിയമ്മയുടെ വളര്‍ത്തു നായയാണ് കോവിഡ്. വൈറസ് വ്യാപനം രൂക്ഷമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്താണ് ലക്ഷ്മിയമ്മയ്ക്ക് കോവിഡിനെ കിട്ടുന്നത്.
ആരോ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ നായക്കുട്ടിയും കൂടപ്പിറപ്പുകളെയും ലക്ഷ്മിയമ്മയും പേരക്കുട്ടിയും കാണുന്നത്. മറ്റ് നായക്കുട്ടികളെ ഇടിച്ച് തെറുപ്പിച്ച് വണ്ടികള്‍ പോകുന്നത് കണ്ട, ലക്ഷ്മിയമ്മയുടെ പേരക്കുട്ടി കിച്ചു, ഈ നായക്കുട്ടിയെ വഴിയരികിലേയ്ക്ക് മാറ്റി വെച്ചു.
പിറ്റേ ദിവസമാണ് ആരും പ്രതീക്ഷിക്കാത്ത സംഭവം ഉണ്ടായത്. അടുത്ത ദിവസം കിച്ചുവിനെത്തേടി ഈ നായക്കുട്ടി അവരുടെ വീട്ടിലെത്തി. തുടര്‍ന്ന് നായക്കുട്ടിയെ ആ കുടുംബം സന്തോഷമായി സ്വീകരിയ്ക്കുകയായിരുന്നു. കോവിഡെന്ന് പേരും ഇട്ടു. ഇപ്പോള്‍ ഈ വീടിന്റെ ഓമനയാണ് കോവിഡ്.