ഷൊർണൂർ: തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിന്നായി നടപ്പാക്കിയിരുന്ന എബിസി പ്രോജക്ടിന്റെ (അനിമൽ ബർത്ത് കണ്ട്രോൾ )പ്രവർത്തനം നിലച്ചു.കോവിഡ് കാലത്തിന് മുന്പുതന്നെ തകരാറിലായ പദ്ധതി പിന്നീട് തുടങ്ങാനായിട്ടില്ല. പൊതുനിരത്തുകളിൽ കലിതുള്ളി പരക്കം പായുന്ന തെരുവുനായ്ക്കളുടെ എണ്ണം വളരെ വർദ്ധിച്ച സാഹചര്യമാണുള്ളത്.
ഇവയെ പേടിച്ച് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യവുമുണ്ട്.പാലക്കാട് ജില്ലയിൽ ഒരിടത്തും തെരുവുനായ പിടുത്ത മോ, വന്ധ്യംകരണ ശസ്ത്രക്രിയയോ നടക്കുന്നില്ല.തെരുവുനായ്ക്കളുടെ ശല്യം ഓരോദിവസവും വർധിച്ചു വരുന്പോൾ ഒന്നും ചെയ്യാനാകാതെ അധികൃതർ കൈമലർത്തുകയാണ്.
ഇരുചക്രവാഹന ക്കാർക്കും കാൽനടയാത്രക്കാർക്കും ആണ് ഇവ വലിയ ഭീഷണി ഉയർത്തുന്നത്. കൂട്ടംകൂടി കന്നുകാലികളെയും മറ്റും ആക്രമിക്കുന്നതും പതിവാണ്.സ്വൈര വിഹാരത്തിന് ഭംഗം വരുന്ന രീതിയിൽ ആരെയെങ്കിലും ഇവയെ തുരത്തി ഓടിക്കാൻ ശ്രമിച്ചാൽ ഇത്തരക്കാരെ നേരിടാൻ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്ന പതിവുമുണ്ട്.
ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ തെരുവുനായ്ക്കളുടെ പ്രധാന കേന്ദ്രമാണ്. ഇവയെ ഭയപ്പെട്ടാണ് കാൽനടയാത്രക്കാർ വഴി നടക്കുന്നതുപോലെ പോലും.ഇരുചക്രവാഹനങ്ങൾക്ക് പുറകെ ഓടി യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നതും ചില തെരുവുനായ്ക്കളുടെ രീതിയാണ്.
ലോക്ക് ഡൗണ് കാലത്ത് സന്പൂർണ്ണ അടച്ചിടൽ നിലവിൽവന്ന വേളയിൽ പല സ്ഥലങ്ങളിലും ഭക്ഷണം കിട്ടാതെ തെരുവുനായ്ക്കൾ അക്രമാസക്തരായി തീർന്നതും വാർത്തയായിരുന്നു.അടച്ചിടലിന് ഇളവ് വന്നതോടെ ഇവ വീണ്ടും നിരത്തുകൾ കീഴടക്കി. നഗരഗ്രാമ വ്യത്യാസമില്ലാതെയാ ണ് തെരുവുനായ്ക്കൾ പതിമടങ്ങ് വിധിച്ചിട്ടുള്ളത്.
മീൻ ചന്തകളിലും കോഴി കടകൾക്ക് മുന്നിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുന്നത് നിത്യേനയുള്ള കാഴ്ചയാണ്.ഒഴിഞ്ഞുകിടക്കുന്ന കടമുറികളും അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെ വരാന്തകളും എല്ലാം ഇവയുടെ വിശ്രമകേന്ദ്രങ്ങളാണ്.
റോഡുകളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പ്രയാസമുണ്ടാക്കുന്ന തരത്തിൽ കടിപിടി കൂടി ബഹളം വയ്ക്കുകയും, അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന തെരുവുനായ്ക്കളെ നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യാതൊരു നടപടികളും ഇല്ലാത്ത സ്ഥിതിയാണ്.
പദ്ധതി താളംതെറ്റിയതോടെ തെരുവുനായ പിടുത്തം ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരുന്നവ മറ്റ് തൊഴിലവസരങ്ങൾ തേടി പോകേണ്ട സാഹചര്യവുമുണ്ടായി.
തെരുവുനായ്ക്കളെ പിടികൂടാൻ അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്നുവെങ്കിലും ഇവർ കോവിഡ് കാലത്ത് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയതും തെരുവുനായശല്യം വർധിക്കാൻ കാരണമായി.