സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനു പിടികൂടാന്‍ നായപിടിത്തക്കാര്‍ക്ക് മാത്രം കൂലിയിനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടത് കോടികള്‍.
15 കോടിയില്‍ അധികം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. സംസ്ഥാനത്ത് അഞ്ചു ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഒരു നായയെ പിടിക്കാന്‍ 300 രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കേണ്ടത്.
അഞ്ചു ലക്ഷം നായ്ക്കള്‍ക്ക് നായപിടിത്തക്കാര്‍ക്ക് കൂലിയിനത്തില്തന്നെ ഇത്രയും ഉയര്‍ന്ന തുക വരും. സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും തെരുവുനായ്ക്കളുടെ കണക്കെടുപ്പ് നടന്നിട്ടില്ല.
കോവിഡിനുമുമ്പാണ് കണക്കടുപ്പ് നടന്നത്. നാലുവര്‍ഷം കൊണ്ട് വന്‍വര്‍ധനവാണ് നായ്ക്കളുടെ എണ്ണത്തില്‍ ഉണ്ടായത്. മൂന്നുവര്‍ഷം മുമ്പ് കോഴിക്കോട് ജില്ലയില്‍ 30,000 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കാക്കിയിരുന്നത്.
അതിപ്പോള്‍ പെറ്റുപെരുകി ഒരു ലക്ഷത്തിലധികമായിരിക്കുമെന്നാണ് ഏകദേശ കണക്ക്. തെരുവുനായ്ക്കളുടെ എണ്ണം സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കണക്കൊന്നുമില്ല. ഓരോ ചെറിയ പ്രദേശത്തുപോലും പത്തും പതിനഞ്ചും നായ്ക്കളുടെ കൂട്ടമാണുള്ളത്.
അതു പ്രായോഗികമല്ല
ഒരു നായ പിടിത്തക്കാരനു നിലവില്‍ 300 രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിച്ച നിരക്ക്. നായപിടിത്തക്കാര്‍ക്ക് ക്ഷാമമുള്ളതിനാല്‍ ചില പഞ്ചായത്തുകള്‍ 500 രൂപയും കൂലി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്രയും കൂലി നല്കി നായ്ക്കളെ പിടികൂടല്‍ സംസ്ഥാനത്ത് പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തെരുവു നായ്ക്കള്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
വന്ധ്യംകരിച്ച തെരുവുനായ്ക്കള്‍ക്കെല്ലാം ഓരോ വര്‍ഷവും പേവിഷബാധയ്ക്കെതിരായ ബൂസ്റ്റര്‍ ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതുണ്ട്.
ഒരു തവണ പിടികൂടി വന്ധ്യംകരിച്ചുവിട്ടവയെ വീണ്ടും പിടികൂടി കുത്തിവയ്പ് നടത്തണമെന്നര്‍ഥം. ഇതിനുവേണ്ടി നായ്ക്കളെ പിടികൂടാന്‍ വീണ്ടും കൂലി നല്‍കണം.
തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിനോട് കോടതി അനുമതി നല്‍കാത്ത സാഹചര്യത്തില്‍ വന്ധ്യംകരണവും പേവിഷ പ്രതിരോധ കുത്തിവയ്പും മാത്രമാണ് പോംവഴി.
പിടികൂടാന്‍ കൂലിക്കുപുറമേ കുത്തിവയ്ക്കാനുള്ള ആളുകള്‍ക്കുള്ള ചെലവ്, മരുന്നിനുള്ള ചെലവ്, മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ചെലവ് എല്ലാംകൂടി കണക്കിലെടുക്കുമ്പോള്‍ വന്‍ബാധ്യതയാണ് സര്‍ക്കാറിനു വന്നുചേരുന്നത്.
നാട്ടില്‍ പൊതു വികസനത്തിനുവേണ്ട കോടികളാണ് ഇത്തരത്തില്‍ തെരുവുനായ്ക്കളുടെ പേരില്‍ പാഴായി പോകുന്നത്.
സംശയം തുടരുന്പോൾ
ഡോഗ് കാച്ചേഴ്സിനെ കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള അഭിമുഖവും തദ്ദേശസ്ഥാപനങ്ങളില്‍ വച്ചിട്ടുണ്ട്. എന്നാല്‍ അനുകൂലമായ പ്രതികരണം പല തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ടായിട്ടില്ല.
ഇതിന്റെ കാരണം പ്രതിരോധ മരുന്നിന്റെ പേരിലുള്ള സംശയമാണ്. പ്രതിരോധ മരുന്ന് കുത്തിവച്ചിട്ടും നായ കടിയേറ്റവര്‍ പേയിളകി മരിച്ച സംഭവത്തിന്റെ പേരിലാണ് സംശയം നിലനില്‍ക്കുന്നത്.
പ്രതിരോധ മരുന്നിന്റെ സുരക്ഷ സര്‍ക്കാര്‍ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നായ പിടിത്തക്കാരെ കണ്ടെത്തിയാലും അവര്‍ക്ക് പരിശീലനം നല്‍കണം.
ജില്ലകളിലുള്ള എബിസി കേന്ദ്രങ്ങളിലും ഊട്ടിയിലെ വേള്‍ഡ് വെറ്ററിനറി സര്‍വീസിലുമാണ് പരിശീലനം നല്‍കുക. അതത് തദ്ദേശ സ്ഥാപനങ്ങള്‍ വേണം ഇതിനുള്ള ചെലവു വഹിക്കാന്‍.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗീകരിച്ച എന്‍ജിഒയാണ് ഊട്ടിയിലെ സ്ഥാപനം. ചുരുങ്ങിയത് 12 ദിവസത്തെ പരിശീലനം വേണ്ടിവരും.തെരുവു നായ്ക്കള്‍ രണ്ടു തരത്തിലുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ പറയുന്നു.
മനുഷ്യരെ കണ്ടാല്‍ തിരിഞ്ഞുേപാകുന്ന ഇനമാണ് ഒന്ന്. അക്രമസ്വഭാവമുള്ളവയാണ് രണ്ടാമതേത്തത്.സംസ്ഥാനത്ത് ഇത്തരത്തില്‍പെട്ട നായ്ക്കളുടെ എണ്ണം ഏറെയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റവരെല്ലാം രണ്ടാം വിഭാഗത്തില്‍പെട്ട നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു..