ആനക്കര: ഒരുമാസമായി ഒരുതുളളി വെളളംപോലും കഴിക്കാൻ കഴിയാതെ തെരുവുനായ. മൃഗസ്നേഹമില്ലാത്ത സമൂഹവും മൃഗസംരക്ഷണ വകുപ്പും. ഒരുമാസത്തിലേറെയായി ആനക്കര കപ്പൂർ പഞ്ചായത്തുകളിൽപ്പെട്ട ആനക്കര, കുന്പിടി, നയ്യൂർ, മുണ്ടക്കോട്, ചേക്കോട് സ്കൈലാബ് ഭാഗങ്ങളിലായി തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങി തെരുവുനായ അലയാൻ തുടങ്ങിയിട്ട്.
എന്നാൽ കെണിവച്ച് പിടിച്ച് തലയിൽ കുരുങ്ങികിടക്കുന്ന പ്ലാസ്റ്റിക്ക് പാത്രം ഒഴിവാക്കാൻ ആരും മുന്നോട്ട് വന്നിട്ടില്ല. പ്ലാസ്റ്റിക് പാത്രം ഉൗരുന്നതിനിടയിൽ നായയുടെ കടിയേല്ക്കുമോയെന്ന ഭയവും ആളുകളെ ഈ സാഹസത്തിൽനിന്ന് പിന്തിരിപ്പിക്കുന്നു.
ആറുമാസം മുന്പ് ഇതുപോലെ തലയിൽ പ്ലാസ്റ്റിക് പാത്രം കുടങ്ങിയ തെരുവുനായ മൂന്ന് കുടിയിൽ സുരേന്ദ്രന്റെ വീട്ടിലെ പറന്പിലെ കുഴിയിൽ വീണിരുന്നു.ഇതിനെ കയറിട്ട് കയറ്റുന്നതിനിടയിൽ തലയിൽ കുരുങ്ങിയ പ്ലാസ്റ്റിക്ക് പാത്രം ഉൗരിപോന്ന് നായ രക്ഷപ്പെടുകയായിരുന്നു.
എന്നാൽ കഴിഞ്ഞ ഒരുമാസമായി പാത്രം തലയിൽ കുരുങ്ങികിടക്കുന്ന തെരുവുനായ ഇത് ഉൗരാൻവേണ്ടി പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ഇതൊന്നും രക്ഷാമാർഗത്തിലെത്തിയിരുന്നില്ല. ഇപ്പോൾ തലയിൽ പ്ലാസ്റ്റിക് പാത്രം കുരുങ്ങിക്കിടന്ന് ഒരുതുള്ളി വെളളത്തിനായി അലയുന്ന തെരുവുനായയെ മറ്റ് നായ്ക്കൾ ആക്രമിക്കുന്നുണ്ട്.
ഒരു ഇടവേളക്കുശേഷം ഈ തെരുവുനായ ആനക്കരയിൽ എത്തുന്നത്. തലയിൽ പാത്രം കുടുങ്ങിയതോടെ കണ്ണുപോലും കാണാൻ കഴിയാതെ നായ മതിലിലും മറ്റും മുട്ടുന്ന കാഴ്ച്ച ഏറെ ദയനീയമാണ്.