ഗര്‍ഭിണികളെ സന്തോഷിപ്പിക്കാന്‍ മനുഷ്യര്‍ എപ്പോഴും ശ്രമിക്കാറുണ്ട്. പ്രിയപ്പെട്ടവരുടെ കൂടെ നിന്നും ഫോട്ടോയെടുക്കുന്നത് അവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. മനുഷ്യര്‍ക്ക് മാത്രമല്ല ഗര്‍ഭിണികളായ മറ്റു മൃഗങ്ങള്‍ക്കും ഈ പരിപാടി ഇഷ്ടമാണെന്നാണ് ചാനല്‍ എന്ന നായ തെളിയിക്കുന്നത്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ചാനല്‍ ഗര്‍ഭിണിയാണ്. തൊട്ടടുത്തദിനങ്ങളില്‍ ഇവള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചാനലിന്റെ ഉടമയായ കെന്നഡി സോറന്‍സനാണ് ഇവള്‍ക്കും ഇവളുടെ കുട്ടികളുടെ അച്ഛനായ ലീറോയ്ക്കും വേണ്ടി ഫോട്ടോഷൂട്ട് ഒരുക്കിയത്. ഇരുവരും ചുംബിക്കുന്ന ഫോട്ടോകള്‍ ഇതിനകം ലോകമെമ്പാടുമുള്ള ആളുകള്‍ ഏറ്റെടുത്ത് വൈറലാക്കിക്കഴിഞ്ഞു. ഫോട്ടോകളില്‍ ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കും. പപ്പികള്‍ വരാന്‍ ഇനി ഒമ്പത് ദിവസം കൂടിയെന്നെഴുതിയ കാര്‍ഡും ഇതോടൊപ്പം കാണാം. ചാനലിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. 22000 ആളുകള്‍ റീട്വീറ്റ് ചെയ്ത ഫോട്ടോകള്‍ക്ക് 37000 ലൈക്കുകളും ലഭിച്ചു.
ഈ ഫോട്ടോകള്‍ ലോകത്തെ പിടിച്ചു കുലുക്കുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചില്ലെന്ന് ചാനലിന്റെ കാമുകന്‍ ലീയുടെ ഉടമസ്ഥയായ സ്ത്രീ അവരുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. തനിക്കും കെന്നഡി സോറന്‍സണും ഇത് സര്‍റിയലിസ്റ്റ് അനുഭവമാണ് സമ്മാനിച്ചതെന്നും അവര്‍ വെച്ചുകാച്ചുന്നു. ഓമനത്തമുള്ള രണ്ടു പട്ടിക്കുട്ടികളുടെ ഉടമകള്‍ മാത്രമായ തങ്ങള്‍ പുതിയ അതിഥികളെ കാത്തിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഇവര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളും കാത്തിരിക്കുകയാണ്.