കേൾവിക്കും കാഴ്ചയ്ക്കും കുറവുള്ള നായയ്ക്ക് ഓസ്ട്രേലിയൻ പോലീസിന്റെ ആദരം. കഴിഞ്ഞ ദിവസം കാണാതായ മൂന്നു വയസുകാരി ഔറോറയെ സംരക്ഷിച്ചതിനാണ് 17 വയസുള്ള മാക്സ് എന്ന നായയെ പോലീസ് ആദരിച്ചത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് സ്റ്റേറ്റിലാണ് സംഭവം.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മൂന്നുവയസുകാരി വീടിനു സമീപമുള്ള കുറ്റിക്കാട്ടിലേക്ക് പോയത്. കുട്ടി പുറത്തേക്കുപോയത് കുടുംബാംഗങ്ങൾ കണ്ടുമില്ല. കുട്ടിയെ കാണാനില്ലെന്ന കാര്യം തിരിച്ചറിഞ്ഞപ്പോഴേക്കും നേരം വൈകിയിരുന്നു. പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ പുലർച്ചയോടെയാണ് കുട്ടിയെ കണ്ടെത്താനായത്.
പുലർച്ചെ കുടുംബാംഗങ്ങളും രക്ഷാപ്രവർത്തകരും കുട്ടിയെ കണ്ടെത്തിയപ്പോൾ ഒപ്പം ഒരു സംരക്ഷകനേപ്പോലെ മാക്സുമുണ്ടായിരുന്നു. അപ്പോഴേക്കും 15 മണിക്കൂർ പിന്നിട്ടിരുന്നു. രാത്രിയിൽ ചെറു ചാറ്റൽമഴയുണ്ടായിരുന്നെങ്കിലും അതൊക്കെ സഹിച്ചാണ് വാർധക്യാവസ്ഥയിലുള്ള മാക്സ് ഒപ്പം നിന്നത്.
കുട്ടിയെ കണ്ടെത്തിയതോടെ ഒരു നായകപരിവേഷമാണ് പോലീസ് മാക്സിന് നല്കിയത്. മാക്സിനെ അഭിനന്ദിച്ച് ക്വീൻസ്ലൻഡ് പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇടുകയും ചെയ്തു. ഒപ്പം ഓണററി പോലീസ് നായ എന്ന പദവിയും നല്കി.
15 മണിക്കൂർ കാട്ടിൽ അകപ്പെട്ടെങ്കിലും കുട്ടി പൂർണമായും ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു. കുട്ടിയുടെ വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെവച്ചാണ് കണ്ടെത്തിയത്.