യുഎസ്: ഒരു നായയുടെ വില രണ്ടു കോടി രൂപ! അന്പരക്കുകയൊന്നും വേണ്ട. ഈ നായയുടെ വിശേഷങ്ങൾ അറിഞ്ഞാൽ വില കൂടുതലല്ലെന്നു നായപ്രേമികൾ ഒരേസ്വരത്തിൽ പറഞ്ഞെന്നിരിക്കും.
വലിപ്പംകൊണ്ടും അക്രമസ്വഭാവംകൊണ്ടും വാർത്തകളിൽ ഇടംനേടിയിട്ടുള്ള പിറ്റ് ബുൾ ഇനത്തിൽപ്പെട്ടതാണ് ഈ വിലയേറിയ നായ.
“ഹൾക്ക്’ എന്ന് പേരുള്ള ഈ പെൺനായയ്ക്ക് ഏകദേശം 80 കിലോഗ്രാം ഭാരം വരും. എന്നാൽ, അതല്ല, പ്രധാന പ്രത്യേകത. പിൻകാലുകളിൽ നിൽക്കുമ്പോൾ ഇതിന്റെ ഉയരം ആറടിയാണത്രെ.
നല്ല ഉയരമുള്ള ഒരു മനുഷ്യന്റെ പൊക്കം. ഇവനെ നേരിൽ കണ്ട പലരും ഭയന്നു വിറച്ചുപോയതായി “ഹൾക്കി’ ന്റെ ഉടമയായ മർലോൺ ഗ്രീനൻ അവകാശപ്പെടുന്നു.
അമേരിക്കയിൽ നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വ്യക്തിയാണു മർലോൺ ഗ്രീനൻ. തന്റെ പിറ്റ് ബുളിന് വിപണിയിൽ നിലവിൽ രണ്ട് കോടിയോളം രൂപ വിലയുണ്ടെന്നു പറയുന്നതും ഇദ്ദേഹംതന്നെയാണ്.
രണ്ടു കുട്ടികളുടെ അമ്മയാണ് മർലോണിന്റെ ഹൾക്ക്. അക്രമകാരികൾ ആയതുകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും പിറ്റ് ബുൾസിനെ നിരോധിച്ചിട്ടുണ്ട്.
യുകെയിൽ ഈ നായകളെ വളർത്തുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, പലയിടങ്ങളിലേക്കും ഇപ്പോഴും അനധികൃതമായി പിറ്റ് ബുൾസിനെ കയറ്റി അയയ്ക്കുന്നുണ്ടെന്നു മർലോൺ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.