കോട്ടയം: തെരുവു നായ്ക്കള്‍ക്ക് പേവിഷബാധയ്ക്കെതിരേയുള്ള റാബിസ് വാക്സിന് നല്കി മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കോട്ടയം നഗരസഭയിലെ 24-ാം വാര്‍ഡ്.
തിരുവാതുക്കല്‍, മാന്താര്‍, പള്ളിക്കോണം, എരുത്തിക്കല്‍, പുത്തനങ്ങാടി എന്നീ ഭാഗങ്ങളിലാണ് ഇന്നലെ അന്‍പതോളം തെരുവ് നായ്ക്കളെ പിടികൂടി വാക്സിന് നല്‍കിയത്.
വാര്‍ഡ് കൗണ്‍സിലര്‍ ടോം കോര അഞ്ചേരില്‍ മുന്‍കൈയെടുത്താണ് ‘ഓപ്പറേഷന് സേഫ്’ എന്ന് പേരില്‍ ഐഡിയ എബിസിവൈ എന്ന സ്വകാര്യ സ്ഥാപനം വഴി തെരുവു നായ്ക്കള്‍ക്കു വാക്സിന് നല്‍കിയത്.
375 രൂപ വാക്സിന് ചാര്‍ജ് ഉള്‍പ്പെടെ 405 രൂപയാണ് ഒരു തെരുവ് നായയ്ക്കു കുത്തിവയ്പ് എടുക്കുന്നതിനു ചെലവാകുന്നത്.
നിലവില്‍ ഈ തുക കൗണ്‍സിലര്‍ ടോം കോര അഞ്ചേരിലിന്റെ നേതൃത്വത്തില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് സേഫ് പദ്ധതിക്കാവശ്യമായ പണം നല്‍കിയത്.
ജില്ലയില്‍ അടുത്തയിടെ തെരുവുനായയുടെ കടിയേറ്റ് കൂടുതല്‍ പേര് ചികിത്സ തേടിയ വൈക്കത്ത് നിന്നാണ് സ്വകാര്യ ഏജന്‍സി സംഘമെത്തിയത്.
പ്രത്യേക തരം വല ഉപയോഗിച്ചാണ് സംഘം നായകളെ പിടികൂടുന്നത്.വാക്സിന് നല്‍കിയശേഷം പട്ടിയെ തിരിച്ചറിയാന്‍ സ്പ്രേ മാര്‍ക്കര്‍ ഉപയോഗിച്ച് അടയാളപ്പെടുത്തുകയും ചെയ്യും.