പേവിഷബാധയുള്ളവര് വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില് നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്.
നായകളിൽ ലക്ഷണങ്ങൾ…
നായകളില് രണ്ടുതരത്തില് രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില് കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും.
തൊണ്ടയും നാവും മരവിക്കുന്നതിനാല് കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന് കഴിയാതെ പുറത്തേക്ക് ഒഴുകും.
ശാന്തരൂപത്തില് അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല് സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന് ഇഷ്ടപ്പെടും.
രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള് കണ്ടുകഴിഞ്ഞാല് 3-4 ദിവസങ്ങള്ക്കുള്ളില് ചത്തുപോകും.
പൂച്ചകളിൽ
പേപ്പട്ടിയേക്കാള് ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള് അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള് ഉണ്ടാക്കുകയും ചെയ്യും.
കന്നുകാലികളിൽ
കന്നുകാലികളില് അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി തുള്ളിയായി മൂത്രം പോവുക എന്നീ ലക്ഷണങ്ങള് കാണുന്നു. കാളകളില് അമിതമായ ലൈംഗികാസക്തിയും കാണാം.
രോഗസംക്രമണം
നായകളാണ് രോഗവാഹകരില് പ്രധാനികള്. വവ്വാലുകളാണ് അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പേവിഷ വാഹകരില് അധികവും.
രോഗനിര്ണയം
മുന്കൂട്ടിയുള്ള രോഗനിര്ണയത്തിന് ഒരു പരിശോധനയും നിലവിലില്ല. പോസ്റ്റ്മോര്ട്ടം സമയത്ത് തലച്ചോറിലെ ഹൈപ്പോതലാമസില് നിന്നു സാമ്പിള് ശേഖരിച്ച് ഫ്ളൂറസന്റ് ആന്റി ബോഡി ടെസ്റ്റ് നടത്തി തലച്ചോറില് വൈറസിന്റെ ആന്റി ബോഡി സാന്നിധ്യം നോക്കുകയാണു ചെയ്യുന്നത്.
രോഗമുള്ള മൃഗം കടിച്ചാല് എന്തുചെയ്യണം?
കടിയേറ്റ (മാന്തലുമാകാം) ഭാഗം സോപ്പ് ഉപയോഗിച്ച് പച്ചവെള്ളത്തില് (ടാപ്പിനു ചുവടെയെങ്കില് അത്യുത്തമം) 15 മുതല് 20 മിനിട്ട് വരെ നന്നായി കഴുകുക. മുറിവ് പൊതിഞ്ഞുകെട്ടുകയോ തുന്നലിടുകയോ പാടില്ല. എത്രയും വേഗം
അടുത്തുള്ള ആരോഗ്യസ്ഥാപനത്തില് ചികിത്സയ്ക്ക് എത്തുക.
ചികിത്സ
മുറിവിന്റെ സ്വഭാവം, തലച്ചോറില് നിന്നുള്ള മുറിവിന്റെ അകലം എന്നീ കാര്യങ്ങള് പരിശോധിച്ച് ഡോക്ടര്മാര് വാക്സിനേഷന്റെ രീതി നിശ്ചയിക്കുന്നു. രോഗം സങ്കീര്ണമാകുന്നത് മുറിവിന്റെ ആഴവും തലച്ചോറില് നിന്നുള്ള അകലവും അനുസരിച്ചാണ്.
മുറിവിന്റെ സ്വഭാവം കണക്കിലെടുക്കാതെ തന്നെ കടിയോ മാന്തലോ ഏറ്റ ഉടന് തന്നെയും മൂന്നാം ദിവസവും ഏഴാം ദിവസവും 28 ാം ദിവസവും തീര്ച്ചയായും വാക്സിനെടുക്കണം.
എല്ലാ സര്ക്കാര് ആരോഗ്യകേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ലഭിക്കും. മുറിവിന്റെ സ്വഭാവമനുസരിച്ച് ഡോക്ടര് നിര്ദേശിക്കുന്നതു പ്രകാരം പേവിഷബാധ തടയാനുള്ള ഇമ്മ്യൂണോഗ്ലോബുലിന് (മുറിവിലും മുറിവിന്റെ ചുറ്റുവട്ടത്തും നല്കുന്ന ഇൻജക്്ഷന്) സ്വീകരിക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ, വയനാട്.