കഴിഞ്ഞ ദിവസം വറുത്ത മീൻ മോഷ്ടിക്കുന്നതിനിടെ സ്റ്റൗവിൽ തല കുടുങ്ങിയ പൂച്ചക്കുട്ടിയെ ഫയർഫോഴ്സ് രക്ഷിച്ച വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന്റെ പുറത്തിരുന്ന വറുത്ത മീൻ വീട്ടുകാരറിയാതെ എടുത്തുകൊണ്ട് പോകാനുള്ള ശ്രമത്തിനിടെയാണ് സ്റ്റൗവിനുള്ളിലെ ദ്വാരത്തിൽ പൂച്ചയുടെ തലകുടുങ്ങുന്നത്.
വീട്ടുകാർ എത്ര പണിപെട്ടിട്ടും പൂച്ചയെ രക്ഷിക്കാനായില്ല. ഒടുവിൽ ഫയർഫോഴ്സ് സംഘമെത്തി പൂച്ചയെ സ്റ്റൗ കട്ട് ചെയ്ത് രക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റാരു സംഭവവും ഉണ്ടായിരിക്കുകയാണ്.
അന്ന് പൂച്ചയാണെങ്കിൽ ഇന്ന് നായയാണ് കുടുങ്ങിയത്. തലയിൽ പാൽപ്പാത്രം കുടുങ്ങിയ നായയെയും ഫയർഫോഴ്സ് സംഘമാണ് രക്ഷപ്പെടുത്തിയതും. രണ്ട് സംഭവങ്ങളും നടക്കുന്നത് അടൂരാണ്.
പെരുമഴയത്താണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തി നായയെ രക്ഷിച്ചത്. ദിവസങ്ങളായി പാൽപ്പാത്രം കുടുങ്ങി അവശനിലയിലായിരുന്നു നായ. നാട്ടുകാർ അറയിച്ചതിനെ തുടർന്ന് അടൂർ ഫയർഫോഴ്സ് എത്തി നായയുടെ തലയിലെ പാത്രം മുറിച്ച് മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.