കൊല്ലം: കൊല്ലം- ചെങ്കോട്ട റോഡിൽ നായയുമായെത്തി ഗതാഗതതടസം സൃഷ്ടിച്ചയാളെ പോലീസ് പിടികൂടി. കടപ്പാക്കട ജംഗ്ഷനിലാണ് സംഭവം. രാവിലെ മുതൽ മുന്തിയ ഇനം സെൻ ബെർണാഡ് ഇനത്തിൽപെട്ട നായയുമായി യുവാവ് കടകളുടെ മുന്നിലും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെയും അടുത്തെത്തി പോലീസ് ഡോഗ് സ്കോഡ് പരിശോധന നടത്തും വിധം പരിശോധന നടത്തുകയും യാത്രാതടസം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു .
കൂറ്റൻ നായയെകണ്ടുഭയന്ന യാത്രക്കാരും കുട്ടികളും പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് സമീപത്തെ കടയുടമകളും ടാക്സിക്കാരും യുവാവിനെ ചോദ്യം ചെയ്തപ്പോൾ കൊല്ലത്തു നടക്കുന്ന ശ്വാന പ്രദർശനത്തിന്റെ മുന്നോടി ആയുള്ള ട്രെയിനിംഗ് ആണെന്നും കടകളും വാഹനങ്ങളും പരിശോധിക്കാൻ തന്നെയാണ് സ്കോഡ് ഏൽപ്പിച്ചിരിക്കുന്നത് എന്നും പട്ടത്താനത്തുള്ളതാണ് താനെന്നും താൻ നിരവധി നായകളെ വളർത്തുന്നുണ്ടെന്നും നായപരിശീലകൻ ആണെന്നും പറഞ്ഞു പരസ്പ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു.
തുടർന്ന് സംശയം തോന്നിയ സമീപവാസികൾ പോലീസിനെ അറിയിക്കുകയും പോലീസെത്തി യുവാവിനെ പിടികൂടുകയായിരുന്നു. മുന്തിയ ഇനത്തിലുള്ള നായ ഇതിനോടകം തീരെ അവശനായികഴിഞ്ഞിരുന്നു. നാട്ടുകാരുടെയും പോലീസിന്റെയും ഇടപെടലിന്നെ തുടർന്ന് നായയെ വാഹനമെത്തിച്ചു ഉച്ചയോടെ കൊല്ലം ജില്ലാ മൃഗാശുപത്രിയിലേയ്ക്ക് പ്രാഥമിക ചികിത്സയ്ക്കായി കൊണ്ടുപോയി. യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു