ശബരിമല: തീർഥാടകർക്ക് ഭീഷണിയായി തെരുവുനായ്ക്കൾ. പതിനഞ്ചിലധികം നായ്ക്കളാണ് സന്നിധാനത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. തീർഥാടകർ വിരിവയ്ക്കുന്നിടത്തും പ്രസാദ കൗണ്ടറുകളിലും വഴിത്താരകളിലുമാണ് നായ്ക്കൾ കൂട്ടമായി നിൽക്കുന്നത്.
കഴിഞ്ഞദിവസം തമിഴ്നാട്ടിൽനിന്നെത്തിയ രണ്ട് തീർഥാടകർ നായ്ക്കളുടെ ആക്രമണത്തിൽനിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മുൻവർഷങ്ങളിൽ തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമലയിലും പന്പയിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുമായിരുന്നു.
മൃഗസംരക്ഷണവകുപ്പും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് മുൻവർഷം നായ്ക്കളെ പിടികൂടിയിരുന്നത്. പിടികൂടുന്ന നായ്ക്കളെ പന്പയിലെത്തിച്ചശേഷം അവിടെനിന്ന് തിരുവല്ല പുളിക്കീഴ് എത്തിച്ച് വന്ധ്യംകരണം നടത്തുകയുമായിരുന്നു.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിയുടെ ചുമതലയിൽനിന്ന് മൃഗസംരക്ഷണവകുപ്പിനെയും തദ്ദേശസ്ഥാപനങ്ങളെയും ഒഴിവാക്കി കുടുംബശ്രീ മിഷനുകൾക്കാണ് സർക്കാർ ചുമതല നൽകിയിരിക്കുന്നത്. അടിയന്തരമായി സന്നിധാനത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് തീർഥാടകരുടെ ആവശ്യം.