തണുത്തുറഞ്ഞ വഴിയില്‍ ഒരു നായ ചലിക്കാതെ നില്ക്കുന്നതു കണ്ട് ആളുകള്‍ ഒന്ന് അമ്പരന്നു.പിന്നീടാണ് ആ നില്പ്പിന് പിന്നിലെ സ്നേഹം വ്യക്തമായത്. വഴിയരികില്‍ ഉപേക്ഷിച്ച പൂച്ചക്കുട്ടികളെ തന്റെ ശരീരത്തിന്റെ ചൂടു നല്കി സംരക്ഷിച്ചായിരുന്നു ഈ തെരുവുനായ കൂട്ടിരുന്നത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഗ്രാമത്തിലെ റോഡരികില്‍ നിന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് നായയേയും പൂച്ചക്കുട്ടികളേയും ലഭിച്ചത്.
കടുത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ കാനഡയില്‍. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് തെരുവുനായയെ കണ്ടെത്തിയത്. മൈനസ് മൂന്ന് ഡിഗ്രി തണുപ്പിലാണ് പൂച്ചക്കുഞ്ഞുങ്ങളെ തന്റെ ശരീരത്തിന്റെ ചൂടു നല്കി നായ സംരക്ഷിച്ചത്. നായയുടെ സംരക്ഷണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ പൂച്ചക്കുട്ടികള്‍ മഞ്ഞുവീഴ്ചയെ അതിജീവിക്കില്ലായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വഴിയാത്രക്കാരിയായ മിറിയം ആംസ്ട്രോങ് ആണ് നായയുടെ ദുരവസ്ഥ കണ്ട് സഹായിക്കാനായി ആദ്യമെത്തിയത്.
എന്നാല്‍ നായയുടെ അടുത്തെത്തിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നത്. അവര്‍ അവിടെ കണ്ടത് നായയുടെ ചൂടുപറ്റിക്കിടക്കുന്ന അഞ്ച് കറുത്ത പൂച്ചക്കുട്ടികളെയായിരുന്നു.ഏകദേശം രണ്ട് വയസ്സോളം പ്രായമുള്ള നായയ്ക്ക് സെറനിറ്റി എന്ന പേരാണ് സംരക്ഷണപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. പെറ്റ്സ് ആന്‍ഡ് വൈല്‍ഡ്ലൈഫിന്റെ ഔദ്യോഗിക പേജിലാണ് സെറനിറ്റിയുടെയും പൂച്ചക്കുട്ടികളുടെയും ചിത്രങ്ങളും ഹൃദയസ്പര്‍ശിയായ അടിക്കുറിപ്പും പങ്കുവച്ചത്.