പടിഞ്ഞാറൻ കാനഡയിലെ ഒരു സ്വർണ ഖനിയിൽ ഖനനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഒരു കൂട്ടം തൊഴിലാളികൾ. അപ്പോഴാണ് തണുത്തുറഞ്ഞ പാറകൾക്കിടയിൽനിന്ന് രണ്ടു ജീവികളുടെ മൃതദേഹങ്ങൾ അവർക്കു കിട്ടിയത്.
കൂടുതൽ പരിശോധനയിൽ ഒരെണ്ണം ഒരു ചെന്നായ കുഞ്ഞും മറ്റേത് റെയിൻ ഡിയർ കുഞ്ഞുമായിരുന്നു. തൊഴിലാളികൾ ഉടൻതന്നെ അടുത്തുള്ള ചരിത്രമ്യൂസിയത്തിൽ വിവരമറിയിച്ചു. മ്യൂസിയം അധികൃതർ നടത്തിയ പരിശോധനയിൽ അവ വെറും മൃതദേഹങ്ങൾ അല്ലെന്നും വളരെ കാലപ്പഴക്കമുള്ള മമ്മികളാണെന്നും കണ്ടെത്തി. 50,000 വർഷത്തിനു മുന്പ് ഭൂമുഖത്തുണ്ടായിരുന്ന ജീവികളുടെ മമ്മിയായിരുന്നു അത്.
എന്തോ കാരണത്താൽ ഭൂമിക്കടിയിൽപ്പെട്ടുപോവുകയും പിന്നീട് സ്വാഭാവിക പ്രക്രിയയിലൂടെ മമ്മികളായി മാറുകയുമായിരുന്നു. ചരിത്രത്തിലാദ്യമാണ് ഇത്രയും പഴക്കമുള്ള മൃഗങ്ങളുടെ മമ്മികൾ ലഭിക്കുന്നത്.
ചെന്നായ കുഞ്ഞിന്റെ ശരീരം ഏകദേശം പൂർണമായും സംരക്ഷിക്കപ്പെട്ട നിലയിലാണ്. തലയും വാലും കൈകളും രോമങ്ങളും ചർമവുമെല്ലാം അതേപടിയുണ്ടെന്നാണ് മ്യൂസിയം അധികൃതർ പറയുന്നത്. എന്നാൽ റെയിൻ ഡിയർ കുഞ്ഞിന്റെ കുറച്ചു ഭാഗങ്ങൾ നശിച്ചുപോയിട്ടുണ്ട്. ഹിമയുഗ കാലത്തെ മൃഗങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ഈ മമ്മികൾ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.