അറവുമാടുകളെ വണ്ടിയില്‍ കുത്തിനിറച്ച് അറവുശാലയിലേക്ക് കൊണ്ടുപോവുന്നത് ഇന്ത്യയിലെ പതിവുകാഴ്ചയാണ്. മൃഗസംരക്ഷകരുടെ പ്രവര്‍ത്തനങ്ങള്‍ പോലും ഇക്കാര്യത്തില്‍ വേണ്ടത്ര ഫലം കാണുന്നില്ലെന്നു പറയാം. ഈ അവസ്ഥ നായ്ക്കള്‍ക്കു വന്നാലോ? തെരുവുനായ്ക്കളുടെ കാര്യമല്ല പറയുന്നത്. ചൈനയിലെ ഹെനന്‍ പ്രവിശ്യയില്‍ നിന്നുള്ള ഈ കാഴ്ച നായ വിരോധികളുടെ വരെ കരളലിയിക്കും. നൂറുകണക്കിനു നായകളെ ട്രക്കില്‍ കുത്തിനിറച്ചുകൊണ്ടുപോവുന്നത് മറ്റെങ്ങോട്ടുമല്ല അറവുശാലയിലേക്കു തന്നെ. ലോറിയില്‍ തിങ്ങിഞെരുങ്ങിയിരിക്കുന്ന നായകളുടെ കരച്ചില് ഹൃദയഭേദകമാണ്. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നായകളെ ഇങ്ങനെ കുത്തിനിറച്ചുകൊണ്ട് അറവുശാലയിലേക്കു കൊണ്ടുപോകുന്ന വിവരം മണത്തറിഞ്ഞ മൃഗലസംരക്ഷണ പ്രവര്‍ത്തകര്‍ ഉടന്‍തന്നെ സ്ഥലത്തെത്തിയതിനാല്‍ നായകള്‍ തല്‍ക്കാലത്തേക്കെങ്കിലും രക്ഷപെട്ടു എന്നു പറയാം. സംഭവസ്ഥലത്തെത്തിയ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ അവര്‍ സഞ്ചരിച്ച കാര്‍ കുറുകെ ഇട്ടാണ് ട്രക്കിനെ തടഞ്ഞത്. ഇരുവാഹനങ്ങളും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ ഏതാനുംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂട്ടിയിടി നടന്നയുടന്‍ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
നായകളെ തിക്കിനിറച്ച കൂട്ടിനടുത്തു ചെന്ന മൃഗസംരക്ഷണ പ്രവര്‍ത്തകയോടുള്ള നായകളുടെ സ്നേഹപ്രകടനം അവിടെ കൂടി നിന്ന എല്ലാവരുടേയും കണ്ണുനിറച്ചു. ദയനീയമായി കരഞ്ഞുകൊണ്ടിരുന്ന നായ്ക്കള്‍ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ കൈകളില്‍ മൂക്കുരസുന്നതും വീഡിയോയില്‍ കാണാം. ദിവസങ്ങളോളം പട്ടിണിക്കിട്ടാണ് നായ്ക്കളെ അറവുശാലകളിലേക്കു കൊണ്ടുപോകുന്നത്. ഇവറ്റകള്‍ക്കു പച്ചവെള്ളം പോലും കൊടുക്കാറില്ല. മൃഗസംരക്ഷക പ്രവര്‍ത്തകരില്‍ ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
നായ്ക്കളെ ഏറ്റെടുക്കാമെന്നു പറഞ്ഞു ചില പ്രദേശവാസികള്‍ മുമ്പോട്ടുവന്നിട്ടുണ്ടെങ്കിലും വണ്ടിയില്‍ നൂറുകണക്കിന് നായകള്‍ ഉള്ളതിനാല്‍ ഇവയെ എന്തു ചെയ്യണമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. അതേസമയം നായ്കളെ തുറന്നു വിട്ടാല്‍ ഇവ വീണ്ടും ഇറച്ചിവെട്ടുകാരുടെ പിടിയിലാകാനും സാധ്യതയുണ്ട്. വര്‍ഷം ഒരു കോടിയിലധികം നായ്ക്കളെ കൊന്നുതിന്നുന്ന ചൈനയില്‍ ഇതിനെതിരേ ഫലപ്രദമായ ഒരു നിയമവുമില്ലാത്തതാണ് കശാപ്പുകാര്‍ക്ക് ധൈര്യമാകുന്നത്.