പൊതുപരിപാടിയിൽ വളർത്ത് നായയെ കൊണ്ടുവന്നതിന് ഫേസ്ബുക്കിലൂടെ വിമർശിച്ച അധ്യാപികയ്ക്ക് മറുപടിയുമായി നടൻ അക്ഷയ് രാധാകൃഷ്ണൻ. കുറവിലങ്ങാട് ദേവമാത കോളജിലെ യൂണിയൻ ഉദ്ഘാടനത്തിന് എത്തിയപ്പോളാണ് അക്ഷയ് രാധാകൃഷ്ണൻ വളർത്തുനായയുമായി എത്തിയത്. ഇതിനെ വിമർശിച്ച് കോളജിലെ അധ്യാപിക മിനി സെബാസ്റ്റ്യൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
18-ാം പടി എന്ന സിനിമയിൽ അഭിനയിച്ച അക്ഷയ് രാധാകൃഷ്ണൻ എന്ന നടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുമ്പോൾ സൂക്ഷിക്കണമെന്നും അയാളുടെ പട്ടിയും വേദിയിലുണ്ടാകും. സ്റ്റേജിലൂടെ അലഞ്ഞ് തിരിയുന്ന പട്ടി പിൻ കർട്ടനിലും സ്പീക്കറിലും മൂത്രമൊഴിക്കുമെന്നുമായിരുന്നു അധ്യാപിക ഫേസ്ബുക്കിൽ കുറിച്ചത്. ഈ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ നടന്നിരുന്നു.
തുടർന്നാണ് സംഭവത്തിന് വിശദീകരണവുമായി നടൻ അക്ഷയ് രാധാകൃഷ്ണൻ രംഗത്തെത്തിയത്. ഈ അയ്യപ്പൻ ആകുന്നതിന് മുൻപ് ഒരു അക്ഷയ് രാധാകൃഷ്ണൻ ഉണ്ടായിരുന്നു. അന്ന് ഈ വിമർശിക്കുന്നവരോ നാട്ടുകാരോ എന്തിന് ചില ബന്ധുക്കൾപ്പോലും ഇല്ലായിരുന്നുവെന്നും അന്നും ഇന്നും എന്റെ കൂടെയുണ്ടായിരുന്നത് ഈ വീരൻ മാത്രമാണെന്നും പറയുന്ന കുറിപ്പിൽ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്നേഹിക്കുന്ന ഒരേ ഒരാളും വീരനാണെന്ന് അക്ഷയ് വ്യക്തമാക്കി.
വീരൻ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ലെന്നും ആർക്കെങ്കിലും അവനെക്കൊണ്ട് ഉപദ്രവമുണ്ടായെന്നറിഞ്ഞാൽ പരസ്യമായി ഞാൻ വന്ന് ടീച്ചറോട് മാപ്പ് പറയാമെന്നും പൊതു സ്ഥലത്ത് അവൻ മൂത്രമൊഴിച്ചിട്ടില്ലെന്നും അക്ഷയ് പറഞ്ഞു. തിരിഞ്ഞു നോക്കാൻ ഒരു പട്ടിയും ഇല്ലായിരുന്നുവെന്ന് ഓരോരുത്തർ പറയില്ലെ. എന്നാൽ എന്റെകൂടെ ഒരു പട്ടിയുണ്ടായിരുന്നു. അത് കൊണ്ട് പറഞ്ഞുപോയതാണെന്ന് പറഞ്ഞാണ് അക്ഷയ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.