ഇടുക്കി: അന്തരിച്ച റിട്ട. എഎസ്ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവൻ കാവൽ നിന്ന് വളർത്തുനായ. അടിമാലി എസ്.എന്‍. പടിയില്‍ കൊന്നയ്ക്കല്‍ കെ.കെ. സോമനാൻ (67) ആണ് വീട്ടില്‍ മരിച്ചത്. സോമൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. കൂട്ടിന് ഉണ്ണി എന്ന വളർത്തുനായയും.
ശനിയാഴ്ച വൈകിട്ട് മുതൽ സോമനെ ആരും കണ്ടിരുന്നില്ല. മരുമകൻ ഉമേഷ്, സോമന്റെ ഫോണിൽ വിളിച്ചുവെങ്കിലും ആരും ഫോണെടുത്തില്ല. ഈ സമയം വളർത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നു.
ഞായറാഴ്ചയും സോമന്റെ വിവരമൊന്നും ഇല്ലാതിരുന്നതോടെ ഉമേഷ് വീട്ടിലെത്തി. തുടർന്നാണ് മരണവിവരം അറിയുന്നത്. ഉമേഷ് നാട്ടുകാരേയും, പോലീസിനേയും വിവരം അറിയിച്ചു. ആളുകൾ കൂടിയതോടെ വളർത്തുനായ ആരെയും വീട്ടിൽ കയറ്റിയില്ല.
തുടർന്ന്, പോലീസും നാട്ടുകാരും സ്ഥലത്ത് നിന്നും മാറി. ഉമേഷ് തനിയെ വീട്ടിലെത്തിയപ്പോൾ വളർത്തുനായ ശാന്തമാകുകയായിരുന്നു. പിന്നീട് നായയെ അവിടെ നിന്നും മാറ്റി. വൈകുന്നേരത്തോടെയാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.
കഴിഞ്ഞ 10 വർഷങ്ങളായി സോമനൊപ്പം ഈ വളർത്തുനായയുണ്ട്. ഗീതയാണ് സോമന്റെ ഭാര്യ. മകള്‍ മോനിഷ.