നായയുടെ സ്‌നേഹം കാരണം പുലിവാല് പിടിച്ച് കൊച്ചിയിലെ വൃദ്ധ ദമ്പതികള്‍! ഭക്ഷണം തന്ന വീട്ടുകാരെ ഉപേക്ഷിച്ച് പോവാന്‍ തയാറാവാതെ നായയും; ശ്വാനവിശ്വസ്തതയുടെ മറ്റൊരു കഥ

കൊച്ചി എസ്ആര്‍എം റോഡിലെ മോസ്‌ക് ലെയ്‌നില്‍ താമസിക്കുന്ന നാരായണീയത്തിലെ സരള രാജഗോപാലാണ് ഇപ്പോള്‍ ഒരു പുലിവാല് പിടിച്ചിരിക്കുന്നത്. സംഭവം വേറൊന്നുമല്ല, തെരുവു നായയുടെ കാര്യമാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ. താന്‍ പിടിച്ച പുലിവാലിനെക്കുറിച്ച് സരള രാജഗോപാല്‍ പറയുന്നതിങ്ങനെ…

ഒരു ദിവസം നോക്കുമ്പോള്‍ രണ്ടു നായകള്‍ വീട്ടുമുറ്റത്ത്. എന്റെ മോളുടെ കുട്ടിയുണ്ട് വീട്ടില്‍. അവന്‍ ബിസ്‌കറ്റൊക്കെ എറിഞ്ഞുകൊടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നായകളില്‍ ഒന്നു പോയി. മറ്റേതു പോകാതെ നില്‍ക്കുന്നു എന്നു കണ്ടപ്പോള്‍ ഞാന്‍ കൊച്ചുമോനോട് പറഞ്ഞു. ഇനി ബിസ്‌കറ്റൊന്നും കൊടുക്കണ്ട, തെരുവു നായയാണ്. ആരെയെങ്കിലും കടിച്ചാല്‍ നമ്മളെ പോലീസ് പിടിച്ചുകൊണ്ടുപോകുമെന്ന്. ഇതുപറഞ്ഞ് പേടിപ്പിച്ചതിനാല്‍ അവന്‍ അതു നിര്‍ത്തി’

വീട്ടിലെ കുട്ടി ബിസ്‌കറ്റ് കൊടുത്തു എന്നതൊഴിച്ചാല്‍ നായയെ വളര്‍ത്തി പരിചയമോ നായയോട് താത്പര്യമോ ഇല്ല. എന്നാല്‍ ബിസ്‌കറ്റ് ലഭിച്ച നന്ദി നായ തിരിച്ചു കാണിച്ചത് ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കിക്കൊണ്ടാണ്. ഇതാണിപ്പോള്‍ ബുദ്ധിമുട്ടായിരിക്കുന്നത്.

നായയുടെ സേവനം വേണ്ടെന്നാണ് വീട്ടുകാരായ അഡ്വ. രാജഗോപാലന്റെയും ഭാര്യ സരള രാജഗോപാലന്റെയും നിലപാട്. നായ വീട്ടിലേയ്ക്ക് ആരെയും കയറാന്‍ അനുവദിക്കുന്നില്ല. വീട്ടുകാര്‍ പുറത്തുപോയാല്‍ ഒപ്പം കൂടുകയും ചെയ്യും. വീട്ടില്‍ മീന്‍ വില്‍ക്കാനും മാലിന്യം ശേഖരിക്കാനും വരുന്ന സ്ത്രീകളെയും വിരട്ടിയോടിക്കും. വീട്ടിലെത്തുന്ന പോസ്റ്റ്മാന്‍, കുടിവെള്ള റീഡിങ് എടുക്കാനെത്തുന്നയാള്‍ തുടങ്ങിയവരെയും നായ വെറുതെ വിടുന്നില്ല.

ഗേറ്റ് അടച്ചിട്ടാലും നായ എളുപ്പത്തില്‍ മതിലുചാടി മുറ്റത്തെത്തും. വീടിനു മുന്നില്‍ നിലയുറപ്പിക്കും. നായയെ ഓടിക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചു നോക്കി. ആരോ പറഞ്ഞുകേട്ട് പടക്കം പൊട്ടിച്ചു നോക്കി. എങ്കിലും നായ പോയില്ല. നായയോട് യാതൊരു വിരോധവുമില്ലെങ്കിലും സുരക്ഷിതമായ വേറെവിടേയ്‌ക്കെങ്കിലും നായയെ മാറ്റണമെന്നാണ് വീട്ടുകാര്‍ ആവശ്യപ്പെടുന്നത്. 79ഉം 72ഉം വയസായ വൃദ്ധദമ്പതിമാര്‍ക്ക് നായയെ വളര്‍ത്തി പരിചയമില്ലാത്തതാണ് പ്രധാന കാരണം.

മൃഗസംരക്ഷണപ്രവര്‍ത്തകര്‍ വാര്‍ത്തയറിഞ്ഞതോടെ നായയെ വീട്ടില്‍ നിന്ന് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. വീട്ടുകാരുമായി ഇണങ്ങി ജീവിക്കുന്ന നായയായതിനാല്‍ ആരെങ്കിലും ഏറ്റെടുക്കുമോ എന്നാണ് പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നത്. (മനുഷ്യരോട് സ്‌നേഹവും നന്ദിയുമുള്ള ഒരു ചുണക്കുട്ടന്‍ നായയെ വേണമെന്നുള്ളവര്‍ക്ക് ബന്ധപ്പെടാം – സാലി വര്‍മ 8075774128, സജിത്ത് കെ എസ് – 9747773950).

Related posts