ഉടമയോടുള്ള സ്നേഹം നിമിത്തം ലോകത്തെ ഏറ്റവും കരയിച്ചുകളഞ്ഞ ഒരുനായ ആണല്ലൊ ഹച്ചിക്കോ. തന്റെ യജമാനന്റെ മരണം അറിയാതെ ജപ്പാനിലെ ടോക്കിയോയിലെ ഷിബുയ സ്റ്റേഷന് പുറത്ത് മാസങ്ങൾ കാത്തിരുന്ന ആ നായ ഇന്നും ഒരു നൊമ്പരമാണ്.
അതുപോലെ തന്നെ നൊമ്പരപ്പെടുത്തുന്ന ഒരു കഥ ഫിലിപ്പൻസിലും. തന്റെ ഉടമ മരിച്ചതറിയാതെ ഒരുവര്‍ഷത്തോളം ആശുപത്രിയുടെ മുന്നില്‍ ഒരുനായ കാത്തുകിടന്നു.
മോര്ഗന് എന്നാണ് നായയുടെ പേര്. ഈ നായയുടെ ഉടമയെ കോവിഡ് മൂലം കലൂക്കനിലെ മനില സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.
നിര്‍ഭാഗ്യവശാല്‍, അദ്ദേഹം മരിച്ചുപോയി. ഇക്കാര്യം അറിയാതെ ആ നായ ഉടമയേയും കാത്ത് ആ ആശുപത്രിയുടെ മുന്നില്‍തന്നെ രാവും പകലും കിടന്നു.
ഉടമയുടെ കുടുംബം ഈ നായയേ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ആശുപത്രി അധികൃതരും അവനെ അവിടെ നിന്നുമാറ്റി. എന്നാല്‍ എല്ലാത്തവണയും അവന് തിരിച്ചെത്തി തന്റെ യജമാനന് അവസാനമായി കയറിയ വാതിലിനുപുറത്ത് കാത്തുനിന്നു.
മോര്‍ഗന്റെ കഥ പതിയെ വ്യാപിക്കാന്‍ തുടങ്ങി. അവന്റെ അചഞ്ചലമായ സ്നേഹം ആശുപത്രിയില്‍ എത്തുന്ന ഓരോരുത്തരുടെയും ഹൃദയത്തെതൊട്ടു. ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, മെഡ്റെപ്സ്, ഗാര്‍ഡുകള്‍, ആശുപത്രി ജീവനക്കാര്‍ രോഗികള്‍ ഒക്കെ അവന് ഭക്ഷണം നല്കാന് ആരംഭിച്ചു.
അധികൃതരെ അറിയിച്ചാല്‍ ഒരുപക്ഷേ ഈ നായയേ അവർ ദയാവധം ചെയ്തേക്കാം എന്ന് തിരിച്ചറിഞ്ഞ ഇവരാരും ഈ നായയെ കുറിച്ച് ഒരു പരാതിയും നല്‍കിയില്ല. ഒടുവില്‍ ഫിലിപ്പീന്‍സിലെ മൃഗക്ഷേമ ചാരിറ്റിയായ ആനിമല്‍ കിംഗ്ഡം ഫൗണ്ടേഷന് (എകെഎഫ്) മോര്‍ഗനെ രക്ഷിക്കാനായി രംഗത്തിറങ്ങി.
അവര്‍ അവനെ മറ്റൊരിടത്തേയ്ക്ക് മാറ്റി. വേണ്ട പരിചരണം നല്‍കുമെന്നും പുതിയൊരു വീട് അവനായി ഉടന്‍ കണ്ടെത്തുമെന്നും എകെഎഫ് അധികൃതര്‍ പറഞ്ഞു.