കൊയിലാണ്ടി: പ്ലാസ്റ്റിക് കുടത്തിൽ കഴുത്ത് കുടുങ്ങി മണിക്കൂറുകളോളം ദയനീയ രോദനവുമായ നായയ്ക്ക് സമീപവാസികൾ രക്ഷകരായി. കൊരയങ്ങാട് തെരുവിലെ ബീനാ വിഹാർ വീട്ടിനു പിറകിലാണ് കുടം കഴുത്തിൽ കുടുങ്ങിനായ കിടന്നത്. വെള്ളം കുടിക്കാനായി കഴുത്തിട്ടപ്പോൾ തല കുടുങ്ങിയ താന്നെന്നാണ് കരുതുന്നത്. ഉച്ചയോടെ യാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.
തല കുടുങ്ങി പുറത്തെടുക്കാൻ കഴിയാതെ ദയനീയമായി മോങ്ങുന്ന നായയുടെ അവസ്ഥ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും കൈമലർത്തുകയായിരുന്നു. തുടർന്ന് വൈകീട്ടോടെ സമീപവാസികളായ സി.പി. ദേവാനന്ദ്, എ.എസ്. വിപീഷ് തുടങ്ങിയവർ സധൈര്യം രംഗത്തുവരുകയായിരുന്നു.
കുടത്തിന്റെ ഭാഗത്ത് ഇരുവരും ചേർന്ന് ശക്തമായി വലിച്ചെങ്കിലും ശ്രമം വിജയിച്ചില്ല പിന്നീട് കയർ കെട്ടി ശക്തമായി വലിച്ചതോടെ നായയുടെ തല പുറത്തായത് ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തോടെ തെരുവുനായ കുതിച്ചു പാഞ്ഞു.