തലശേരി: തലശേരി നഗരം കീഴടക്കി തെരുവുനായ്ക്കൾ. തലശേരി നഗരത്തിലെ തിരക്കേറിയ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് രാപ്പകൽ ഭേദമന്യേ നഗരത്തിൽ അലയുന്ന തെരുവ് നായ്ക്കൂട്ടം കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഭീഷണി ഉയർത്തുകയാണ്. തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി വാഹനങ്ങൾക്ക് കുറുകെ വരെ നിന്ന് തടസം സൃഷ്ടിക്കുന്നു.
ആളുകൾ സമീപത്തുകൂടെ കടന്ന് പോകുമ്പോൾ കുരച്ച് ഭയപ്പെടുത്താനും ഇവ തയാറാവുന്നുണ്ട്. നായകൾ റോഡ് താവളമാക്കിയതോടെ വാഹനങ്ങൾക്കും യഥാവിധി കടന്ന് പോകാൻ സാധിക്കുന്നില്ല .അക്രമിച്ച് പരിക്കേൽപ്പിക്കുമോ എന്നു ഭയന്നാൽ നായകളെ റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങളും ആരും നടത്തില്ല .
ചില സമയങ്ങളിൽ ഫുട്പാത്തുകൾ നായകൾ കൈയടക്കുമ്പോൾ കാൽനടയാത്രക്കാർ നടക്കുന്നതിന് റോഡിനെ ആശ്രയിക്കേണ്ടി വരുന്നു.സ്കൂൾ വിദ്യാർഥികൾക്കും നായകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാലങ്ങളിൽ ഗ്രാമപ്രദേശങ്ങളിലായിരുന്നു തെരുവുനായ ശല്യം രൂക്ഷമായിരുന്നത്.
എന്നാൽ അറവു മാലിന്യങ്ങൾ ഉൾപ്പെടെ നഗരപ്രദേശങ്ങളിലും തള്ളാൻ തുടങ്ങിയതോടെയാണ് തെരുവുനായ്ക്കൾ ഗ്രാമപ്രദേശങ്ങൾ വിട്ട് നഗര ഭാഗങ്ങളിലേക്കും ഇറങ്ങാൻ തുടങ്ങിയത്. യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് എന്നതിലുപരി ഭീഷണി തന്നെയായി മാറിയിട്ടും തെരുവ്നായ ശല്യം പരിഹരിക്കാനാവശ്യമായ ഫലപ്രദമായ നടപടി സ്വീകരിക്കാൻ അധികൃതർക്കും സാധിക്കുന്നില്ല .