മുളങ്കുന്നത്തുകാവ്: ഗവ മെഡിക്കൽ കോളജ് കാന്പസിൽ തെരുവനായ്ക്കളുടെ ശല്യം രൂക്ഷമാവുന്നു. ഏതു നിമിഷവും ആക്രമിക്കാമെന്ന രീതിയിൽ ഇവയുടെ വരവും പോക്കും ഭീതിയുളവക്കുകയാണ്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിൽ അധിക്യതർ പാലിക്കുന്ന നിസംഗ മനോഭാവം ജനങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്.
കാന്പസിലൂടെ നടന്ന് പോകുന്ന സ്കൂൾ കുട്ടികളും, കോളജ് വിദ്യാർത്ഥികളും, രോഗികളും അവരുടെ കൂട്ടിയിരിപ്പുകാരും ,ജീവനക്കാരും സ്ത്രീകളുമാണ് കൂടുതലായി തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാവുന്നത്. പാഞ്ഞ് വരുന്ന തെരുവനായ്ക്കളെ കണ്ട് പേടിച്ച് വാഹനങ്ങൾ തിരിക്കുന്പോൾ ഉണ്ടാകുന്ന അപകടങ്ങളും വർധിക്കുകയാണ്. അത്യാഹിത വിഭാഗത്തിനു മുന്നിലും ആശുപത്രി വാർഡുകളിലും നായ്ക്കൽ സ്വൈര്യവിഹാരം നടത്തുന്നുണ്ട്.
ആശുപത്രി പരിസരത്ത് ഇഷ്ടാനുസരണം ഭക്ഷണം ലഭിക്കുന്നതിനാൽ മറ്റു ഭാഗങ്ങളിൽ നിന്നുവരെ നിരവധി തെരുവുനായ്ക്കളാണ് ആശുപത്രി പരിസരത്ത് എത്തുന്നത്. കാന്പസിൽ മാത്രം നൂറ് കണക്കിന് തെരുവനാക്കളാണുള്ളത്.
ജനന നിയന്ത്രണമാർഗങ്ങൾ ഉപയോഗിച്ച് തെരുവ് നായകൾ പെരുകുന്നത് തടയണമെന്നാണ് മൃഗസ്നേഹികൾ പറയുന്നത്.വന്ധ്യംകരണം ചെയ്താൽ നായകളുടെ അക്രമണസ്വഭാവവും ശൗര്യവും കുറയുമെന്നും പറയുന്നു.
മണ്ണുത്തി വെറ്ററിനറി കോളജ് അധിക്യതർ തെരുവുനായ്ക്കളെ വന്ധ്യകരണം നടത്തി പ്രത്യേക സെല്ലുകളിൽ പാർപ്പിക്കുവാനുള്ള പദ്ധതി കൊണ്ടുവന്നുവെങ്കിലും അവ ചുവപ്പ നാടയിൽ കുടുങ്ങി കിടക്കുകയാണ്.