രാജസ്ഥാനില് നായയെ കാറില് കെട്ടിവലിച്ച ഡോക്ടര്ക്കെതിരേ പ്രതിഷേധം വ്യാപകമാവുന്നു. പ്ലാസ്റ്റിക് സര്ജനായ ഡോ. രജ്നീഷ് ഗ്വലയാണ് നായയോട് ഈ കൊടുംക്രൂരത ചെയ്തത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില് മനേക ഗാന്ധി അടക്കമുള്ളവര് ഇടപെട്ടതിനെത്തുടര്ന്ന് പോലീസ് കേസെടുത്തു.
പുകാര് ആനിമല് എന്ജിഒയും ശാസ്ത്രിനഗര് പൊലീസ് സ്റ്റേഷനില് പരാതിപ്പെട്ടിരുന്നു.
മഹാത്മാ ഗാന്ധി ആശുപത്രിയില് പ്ലാസ്റ്റിക് സര്ജനാണ് ഡോ. രജ്നീഷ്. ഞായറാഴ്ചയാണ് സംഭവം. നായയുടെ കാലിന് പലയിടത്തായി പൊട്ടലുണ്ട്.
വിവരം കേട്ടെത്തിയ മൃഗസ്നേഹികളാണ് കാര് തടഞ്ഞ് നായയെ ചികിത്സയ്ക്കു കൊണ്ടുപോയത്. കാര് തടയാന് ശ്രമിച്ചപ്പോള് ഡോക്ടര് കാറിടിപ്പിക്കാന് ശ്രമിച്ചുവെന്നും ചിലര് ആരോപിച്ചു.
കാറില് കെട്ടിവലിച്ചുകൊണ്ടുപോകവെ നായ പലതവണ വീണിരുന്നു. പരുക്കേറ്റ് രക്തം വാര്ന്ന അവസ്ഥയിലാണ് നായയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
കാര് തടഞ്ഞ യുവാക്കളോട് ഡോക്ടര് തട്ടിക്കയറുകയും ചെയ്തു. നായയെ കൊണ്ടുപോകാന് ആംബുലന്സ് എത്തിച്ചപ്പോള് ഡോക്ടര് അവരോടും തര്ക്കിച്ചു.
പോലീസെത്തിയപ്പോഴാണ് നായയെ വിട്ടുകൊടുക്കാന് ഡോക്ടര് തയാറായത്. മൃഗസ്നേഹികളാണ് മനേക ഗാന്ധിയെ കാര്യം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസുകാരോട് മനേക ഗാന്ധി സംസാരിക്കുകയും ചെയ്തു.
അതേസമയം, നായ പലപ്പോഴും വീടിനുള്ളില് കയറുമായിരുന്നെന്നും പുറത്തു കുരച്ച് ശബ്ദമുണ്ടാക്കുമായിരുന്നെന്നും ഡോക്ടര് പറഞ്ഞു.
അതുകൊണ്ട് നായയെ കോര്പ്പറേഷന് വളപ്പില് കൊണ്ടിടാന് പോകുകയായിരുന്നുവെന്നാണ് ഡോക്ടറുടെ വിശദീകരണം.