വണ്ടിത്താവളം: തെരുവുനായ കുറുകെ ഓടി സ് കൂട്ടർ മറിഞ്ഞ് മൂന്നു പേർക്ക് സാരമായ പരിക്കേറ്റു. ഇന്നു രാവിലെ എട്ടിന് അയ്യപ്പൻ കാവിൽ വെച്ചായിരുന്നു അപകടം. സംഭവസമയത്തു മറ്റു വാഹനങ്ങൾ ഉണ്ടാവാതിരുന്നത് അനിഷ്ട സംഭവങ്ങൾ ഒഴിവായി.
പരിക്കേറ്റ പാപ്പാൻപള്ളം സ്വദേശികളായ കുട്ടിയുൾപ്പെടെ മൂന്നു പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തിൽ തെരുവുനായകൾ ഭീകരത സൃഷ്ടിക്കുകയാണ്. കരയ്ക്കല കുളന്പിൽ വിട്ടിൽ കയറിയ തെരുവുനായ ആട്ടിൻകുട്ടിയെ കടിച്ചു വലിച്ച് സമീപത്തെ ബ്രാഞ്ച് കനാലിലേക്കു കൊണ്ടു പോയി. റോഡിൽ വരികയായിരുന്ന സ്ത്രീ കല്ലെറിഞ്ഞു് നായയെ തുരത്തി ആട്ടിൻ കുഞ്ഞിനെ രക്ഷപ്പെടുത്തി.
നായകടിച്ചതിൽ ആട്ടിൻ കുഞ്ഞിന് സാരമായ പരിക്കേറ്റിട്ടുണ്ട്. രണ്ടു ദിവസം മുൻപ് പാറമേട്ടിൽ പേയിളകിയ നായയെ നാട്ടുകാർ ഓടിച്ച സംഭവവും നടന്നിരുന്നു. രണ്ടാഴ്ച മുൻപാണ് തെരുവ് നായ വണ്ടിത്താവളം ടൗണിലും പരിസരത്തുമായി പതിനഞ്ചു പേരെ കടിച്ചു മുറിവേൽപ്പിച്ച സംഭവം നടന്നത്.
ഗുരുതരമായി പരിക്കേറ്റ രണ്ടു ഓട്ടോ ഡ്രൈവർമാർ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മരുതന്പാറ, തങ്കം തീയേറ്റർ, പ്ലാച്ചിമട , നെല്ലിമേട്, കന്നിമാരി എന്നിവിടങ്ങളിലായി പേയിളകിയ നായ നൂറിലധികം പേരെയാണ് അക്രമിച്ചിരിക്കുന്നത്.
പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തുകളിൽ നാട്ടുകാർ പരാതിപ്പെട്ടാലും കേന്ദ്ര സർക്കാർ നിബന്ധനകൾ ചുണ്ടിക്കാട്ടി നായ പിടുത്തം നടത്താറില്ലെന്ന ആരോപണവും നിലവിലുണ്ട്. പട്ടഞ്ചേരി, വിളയോടി, വണ്ടിത്താവളം , കന്നിമാരി, മീനാക്ഷിപുരം സ്ക്കൂളുകളിലേക്ക് വിദ്യാർത്ഥികളെ വിടുന്നത് അപകട ഭീഷണിയിലാണ്.