മനുഷ്യനുമായി വേഗത്തിൽ ഇണങ്ങുന്ന മൃഗങ്ങളാണ് നായയും പൂച്ചയുമൊക്കെ. ചില മനുഷ്യർ റോഡിൽ കൂടി നടക്കുന്പോഴും അവരുടെ യാത്രകളിലുമൊക്കെ ഇവയെ കൂടെ കൂട്ടാറുമുണ്ട്. പക്ഷേ അവർക്ക് തങ്ങളുടെ വളർത്തു മൃഗങ്ങളെ ഇഷ്ടപ്പെടുന്നതുപോലെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല. പൗരബോധം തീരേ തീണ്ടിയിട്ടില്ലാത്ത ഒരു സ്ത്രീയുടേയും അവരുടെ നായയുടേയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണിവ. ഒരു കുട്ടിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വളരേ കൂൾ ആയി പാട്ടൊക്കെ പാടി നിൽക്കുന്ന കൊച്ചു കുട്ടിയാണ് വീഡിയോയുടെ തുടക്കം. പെട്ടെന്ന് ലിഫ്റ്റിലേക്ക് തന്റെ വളർത്ത് നായയുമായി ഒരു സ്ത്രീ കയറി വരുന്നു. എന്നാൽ പട്ടിയെ കണ്ട് ഭയന്ന് പോയ കുട്ടി ലിഫ്റ്റിന്റെ ഒരു മൂലയിലേക്ക് മാറി.
പട്ടിയെ ലിഫ്റ്റില്‍ കയറ്റരുതെന്ന് അവൻ കൈ കൂപ്പിക്കൊണ്ട് ആ സ്ത്രീയോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാല്‍, ഇതിനിടെ പട്ടി ലിഫ്റ്റിലേക്ക് ചാടി കയറുന്നു. ഇത് കണ്ട് നിലവിളിക്കുന്ന കുട്ടിയെ ആ സ്ത്രീ ലിഫ്റ്റില്‍ നിന്നും പിടിച്ചിറക്കുന്നത് ലിഫ്റ്റിലെ ഗ്ലാസിലൂടെ കാണാം.
ഇതിനിടെ ലിഫ്റ്റില്‍ നിന്നും പട്ടി പുറത്തിറങ്ങി. അപ്പോഴേക്കും മൂന്ന് പേരും കാഴ്ചയ്ക്ക് പുറത്താവുകയും ചെയ്യുന്നു. അൽപനേരത്തേക്ക് അടഞ്ഞ ലിഫ്റ്റിന്റെ വാതില്‍ തുറന്ന് കുട്ടി കരഞ്ഞ് കൊണ്ട് അകത്ത് കയറുന്നത് വീഡിയോയിൽ കാണാം. സ്ത്രീയും പട്ടിയും വെളിയിൽ ആവുകയും ചെയ്തു. ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞതിന് ശേഷവും കുട്ടി കരയുന്നതും വിറയ്ക്കുന്നതും അസ്ഥസ്ഥനാകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തം.