രണ്ടു ദിവസം മുമ്പ്, ഉത്തര്‍പ്രദേശില്‍ നടന്ന വളര്‍ത്തുനായ്ക്കളുടെ വിവാഹത്തിന്റെ വിശേഷങ്ങൾ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തരംഗമായി.
ശ്വാനവിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
മനുഷ്യരുടെ വിവാഹം നടത്താറുള്ള പരമ്പരാഗത ചടങ്ങുകളുടെ അകമ്പടിയോടെയായിരുന്നു ആണ്പട്ടിയായ ടോമിയുടെയും പെണ്പട്ടിയായ ജൈലിയുടെയും വിവാഹം.
അലിഗഡില്‍ ജനുവരി 15നായിരുന്നു ശ്വാനവിവാഹം. ഭക്ഷണവും പാര്‍ട്ടിയുമെല്ലാം ഉണ്ടായിരുന്നു. നായ്ക്കളുടെ ഉടമയുടെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും ചടങ്ങില്‍ പങ്കെടുത്തു.
പശുവിന് നെയ്യില്‍ തയാറാക്കിയ വിഭവങ്ങളാണ് പാര്‍ട്ടിയില്‍ വിളമ്പിയത്. പരമ്പരാഗത ഇന്ത്യന്‍ വിവാഹത്തിന് ധരിക്കാറുള്ള വസ്ത്രങ്ങളാണ് ആളുകള്‍ ധരിച്ചിരുന്നത്.
വിവാഹാഘോഷങ്ങളിലെ നൃത്തം ആരെയും ആകര്‍ഷിക്കുന്നതായി. ടോമിയുടെയും ജൈലിയുടെയും ഉടമയായ ദിനേഷ് ഇരുനായ്ക്കളെയും ചേര്‍ത്തുപിടിച്ചുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
വിലകൂടിയ വരണമാല്യങ്ങളാണ് നായ്ക്കളെ ധരിപ്പിച്ചിരുന്നത്. പൂക്കള്‍ ദേഹത്തേക്കെറിഞ്ഞ് അതിഥികള്‍ നായ്ക്കളെ അനുഗ്രഹിക്കുന്നതും കാണാം.
ട്വിറ്ററില്‍ പങ്കുവച്ച ശ്വാനവിവാഹത്തിന്റെ വീഡിയോ നാല്‍പ്പതിനായിരത്തോളം ആളുകളാണ് ഇതുവരെ കണ്ടത്. ആയിരക്കണക്കിന് കമന്റുകളും ലഭിച്ചു.
കമന്റുകളില്‍ എല്ലാവരെയും ചിരിപ്പിച്ചത് – “അവിവാഹിതര്‍ കാണുന്നില്ലേ, നായ്ക്കളുടെപോലും കല്യാണം നടക്കുന്നു’ – എന്ന കമന്റാണ്.
തവളദമ്പതികളുടെ വിവാഹബന്ധം ഒടുവിൽ വേര്‍പെടുത്തി!
ഉത്തര്‍പ്രദേശില്‍ ശ്വാനക്കല്യാണമാണ് നടന്നതെങ്കിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നടക്കാറുള്ളത് തവളക്കല്യാണമാണ്. മഴ പെയ്യാനായാണ് അവിടത്തെ ഗ്രാമീണര്‍ തവളക്കല്യാണങ്ങൾ നടത്തുന്നത്.
2019 ജൂലൈയില്‍ നടന്ന ഭോപ്പാലില്‍ നടന്ന ഒരു തവളക്കല്യാണം രാജ്യമാകെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തവളക്കല്യാണത്തിനുശേഷം മധ്യപ്രദേശിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വാര്‍ത്തകളില്‍ ഇതിനു പ്രാധാന്യം ലഭിക്കാന്‍ കാരണം.
തവളക്കല്യാണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഭോപ്പാലില്‍ കനത്ത മഴ തുടങ്ങി. ആ വര്‍ഷം റിക്കാര്‍ഡ് മഴയാണ് സംസ്ഥാനത്തു പെയ്തത്. നര്‍മദ നദി കരകവിഞ്ഞു.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നു. പലയിടങ്ങളിലും വെള്ളം കയറി ജനജീവിതം തടസപ്പെട്ടു.
അവസാനം സഹികെട്ട ഗ്രാമീണര്‍ തവളദമ്പതികളുടെ വിവാഹബന്ധം വേര്‍പെടുത്തി. തവളക്കല്യാണം നടത്തിയാല്‍ വേനലകന്ന് വര്‍ഷം വരുമെന്നാണ് അവിടത്തെ ഗ്രാമീണര്‍ക്കിടയിലെ വിശ്വാസം.