ഡിട്രോയ്റ്റ്: സൈക്കിൾ സവാരി നടത്തുന്നതിനിടെ ഒൻപതു വയസുകാരിയെ അയൽ വീട്ടിലെ മൂന്നു പിറ്റ്ബുൾ നായ്ക്കൾ ചേർന്ന് അക്രമിച്ചു കൊലപ്പെടുത്തി. സൗത്ത് വെസ്റ്റ് ഡിട്രോയ്റ്റിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
നായ്ക്കളെ പുറത്ത് അഴിച്ചു വിടുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ഉടമസ്ഥനുമായി സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് തർക്കം ഉണ്ടാക്കിയതായി കുടുംബാംഗങ്ങൾ അറിയിച്ചു.
സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ കുട്ടിയെ നായ്ക്കളിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചുവെന്നും മറ്റൊരാൾ ഒരു നായയെ വെടിവച്ചുവെന്നും കൊല്ലപ്പെട്ട കുട്ടിയുടെ പിതൃസഹോദരി പറഞ്ഞു. കുട്ടിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സ്കൂളിലെ സമർഥയായ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട ഒൻപതു വയസുകാരിയെന്ന് അധ്യാപകരും വിദ്യാർഥികളും അഭിപ്രായപ്പെട്ടു. നായ്ക്കളുടെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും കേസ് ചാർജ് ചെയ്തിട്ടില്ല. നായ്ക്കളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
റിപ്പോർട്ട്: പി.പി. ചെറിയാൻ